ഗവർണർക്കെതിരെ പി.കെ. ബഷീറിന്‍റെ പരാമർശം; നടപടിയെടുക്കാൻ ചെയറിന്​ അധികാരമുണ്ടെന്ന്​ ഓർമിപ്പിച്ച്​ പി. ബാലചന്ദ്രൻ

തിരുവനന്തപുരം: ഗവർണർക്കെതിരെ മുസ്​ലിം ലീഗിലെ പി.കെ. ബഷീർ നടത്തിയ വാക്​പ്രയോഗം നിയമസഭയിൽ ബഹളത്തിനിടയാക്കി. നന്ദിപ്രമേയ ചർച്ചക്കിടയിലായിരുന്നു ഗവർണറെ വിശേഷിപ്പിക്കാൻ ബഷീർ വാക്കുപയോഗിച്ചത്​. എന്നാൽ, ഇതിനെതിരെ ഭരണപക്ഷാംഗങ്ങൾ പ്രതിഷേധവുമായെത്തി. തുടർന്ന്,​ ആ വാക്ക്​ നിയമസഭാ രേഖകളിലുണ്ടാകില്ലെന്ന്​ സ്പീക്കർ റൂളിങ്​ നൽകി. എന്നാൽ, ഗവർണർക്കെതിരെ പരാമർശം ബഷീർ തുടർന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കണമെന്ന ഗവർണറുടെ ആവശ്യം ഉടൻ വരുമെന്നും അതും ഉളുപ്പില്ലാതെ മുഖ്യമന്ത്രി ഒപ്പിട്ട്​ നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങൾ ഇസ്​ലാം മതത്തിൽ വിശ്വസിക്കുന്നവരാണെന്നും വിശ്വാസത്തെ ബാധിക്കുന്ന ആരോപണങ്ങൾ വന്നാൽ മതം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.​കെ. ബഷീർ ഗവർണർക്കെതിരെ നടത്തിയ വാക്​പ്രയോഗം നിയമസഭയുടെ മാന്യതയെ തന്നെ ബാധിക്കുന്നതാണെന്ന്​ തുടർന്ന്​ സംസാരിച്ച സി.പി.ഐയിലെ പി. ബാലചന്ദ്രൻ കുറ്റപ്പെടുത്തി. ഇത്തരം പരാമർശം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ചെയറിന്​ അധികാരം നൽകുന്ന നിയമസഭാ ചട്ടങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം ലീഗ്​ പല്ലിയെ പോലെയാണെന്ന ആക്ഷേപമാണ്​ വി. ജോയ്​ ഉന്നയിച്ചത്​. മുസ്​ലിം ലീഗിന്​ നേരെ എവിടെ നിന്നെങ്കിലും ആക്രമണമുണ്ടായാൽ അവർ ഉടൻ 'ലീഗ്'​ എന്ന വാല്​ മുറിച്ച്​ 'ആക്രമിക്കുന്നേയെന്ന്'​ മുറവിളി കൂട്ടുമെന്ന്​ വി. ജോയ്​ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാറിന്‍റെ തുടർച്ചയാണ്​ ഇപ്പോഴുള്ളതെന്ന്​ രമേശ്​ ചെന്നിത്തല ആരോപിച്ചു. വഖഫ്​ വിഷയത്തിൽ മുസ്​ലിം ലീഗിന്​ കൃത്യമായ നിലപാടുണ്ടെന്ന്​ നജീബ്​ കാന്തപുരം പറഞ്ഞു. നയപ്രഖ്യാപന വിഷയത്തിൽ നിയമസഭയെ നാണംകെടുത്തി മുഖ്യമന്ത്രി പഞ്ചപുച്ഛമടക്കി നിന്നെന്ന്​ കെ.കെ. രമ ആരോപിച്ചു. കെ എന്ന്​ കേട്ടാൽ രക്തം തിളയ്​ക്കുന്ന അവസ്ഥയിലാണ്​ പ്രതിപക്ഷമെന്ന്​ പി. മമ്മിക്കുട്ടി പരിഹസിച്ചു. അതിനാലാണ്​ കെ-ഫോൺ, കെ-റെയിൽ, കിഫ്​ബി എന്നിവയെയെല്ലാം എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. ടൈസൻ മാസ്റ്റർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മോൻസ്​ ​ജോസഫ്​, പി.ടി.എ. റഹിം, കെ.ജെ. മാക്സി, എൻ.കെ. അക്​ബർ, എൽദോസ്​ പി. കുന്നപ്പള്ളി, രാമചന്ദ്രൻ കടന്നപ്പള്ളി, സുജിത്​ വിജയൻപിള്ള, പി.പി. ചിത്തരഞ്ജൻ എന്നിവരും ചർച്ചയിൽ പ​ങ്കെടുത്തു. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.