നീറമൺകര - പ്രാവച്ചമ്പലം നാലുവരി പാത: ഡിവൈഡറിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് പരിശോധിക്കണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: കരമന - കളിയിക്കാവിള നാലുവരി പാതയിൽ നീറമൺകര മുതൽ പ്രാവച്ചമ്പലം വരെയുള്ള ഭാഗത്ത് ഡിവൈഡറിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇതേ പാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനടവരെ ഡിവൈഡറിൽ തെരുവുവിളക്കുകൾ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് നീറമൺകര മുതൽ പ്രാവച്ചമ്പലം വരെയുള്ള പാതയുടെ കാര്യം പരിശോധിക്കാൻ കമീഷൻ ആവശ്യപ്പെട്ടത്. കരമന - കളിയിക്കാവിള റോഡിന്റെ ഒന്നാം സ്ട്രച്ചാണ് പുതുതായി നിർമിച്ച നീറമൺകര- പ്രാവച്ചമ്പലം പാത. പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നോട്ടീസിൽ ആവശ്യപ്പെട്ടു. കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, നേമം തുടങ്ങിയ തിരക്കേറിയ ജങ്​ഷനിലൂടെ കടന്നുപോകുന്ന ദേശീയപാത തമിഴ്നാട്ടിലേക്കുള്ള കവാടം കൂടിയാണ്. ഡിവൈഡർ പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കാറില്ല. ചെടികൾ വളർന്ന് റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നത് തെരുവുവിളക്കില്ലാത്തതിനാൽ അപകടങ്ങൾക്ക് കാരണമാകുന്നു. നിരവധിയാളുകൾ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. എന്നാൽ, പ്രാവച്ചമ്പലം - ബാലരാമപുരം റോഡിലെ ഡിവൈഡർ ചെടി നട്ട് വൃത്തിയായി പരിപാലിക്കുന്നുണ്ടെന്ന്​ പൊതു പ്രവർത്തകനായ ശാന്തിവിള പത്മകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.