ജില്ല ആശുപത്രിയിൽ അലക്ക്​ യൂനിറ്റ് പ്രവർത്തനം നിലച്ചിട്ട് രണ്ട് മാസം

നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ വാഷിങ്‌മെഷീൻ പ്രവർത്തനം നിലച്ചിട്ട് രണ്ടുമാസം. തുണി കഴുകലും തേപ്പുമെല്ലാം ഇപ്പോൾ സ്വകാര്യ ഏജൻസിക്കാണ്. ഇതിനുപിന്നിൽ വലിയ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണവും ഉയരുന്നുണ്ട്. പ്രതിദിനം ആയിരത്തിലധികം തലയിണ ഉറകൾ, ടവലുകൾ, 250ലധികം ബെഡ്ഷീറ്റ് എന്നിവ അലക്കിത്തേച്ച് ആശുപത്രിക്ക് നൽകിയിരുന്ന അലക്ക്​ യൂനിറ്റാണിത്. കഴിഞ്ഞ നവംബർ 27നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ അലക്കുയന്ത്രത്തിന്റെ പാനൽ കത്തിപ്പോയതോടെയാണ് യന്ത്രം പ്രവർത്തനം നിലച്ചത്. യന്ത്രം തകരാറിലായ വിവരം പിറ്റേദിവസം തന്നെ ആശുപത്രി അധികൃതർ രേഖാമൂലം ജില്ല പഞ്ചായത്തിൽ അറിയിച്ചു. അവിടെനിന്നു വൈദ്യുതവിഭാഗം എ.ഇ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും ഈ തകരാർ പരിഹരിക്കുന്നതിനും യൂനിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും ജില്ല പഞ്ചായത്തിനും ആശുപത്രി എച്ച്.എം.സി വിഭാഗത്തിനുമായിട്ടില്ല. പകരം ഇവിടെ അലക്കിത്തേച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ പുറത്തുള്ള ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്. ഈ ഇടപാടിൽ ആശുപത്രിയിലെ ചില ജീവനക്കാർക്ക് വലിയ സാമ്പത്തിക ലാഭമുണ്ടെന്ന് ആരോപണമുണ്ട്. ആശുപത്രിയിൽ നിസ്സാര തുക ചെലവിട്ട്​ വൃത്തിയാക്കിയിരുന്ന ബെഡ് ഷീറ്റിന് പുറത്ത് ഏജൻസി ഈടാക്കുന്നത് വലിയ തുകയാണ്. ഈ വിവരം ആശുപത്രിയിലെ ഉന്നത അധികൃതരെ അറിയിച്ചെങ്കിലും കാര്യമായ ഇടപെടലുകളൊന്നുമില്ലെന്ന് എച്ച്.എം.സിയിലെ ചില അംഗങ്ങൾ പറയുന്നു. ജില്ല ആശുപത്രിയുടെ വികസനകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ജില്ല പഞ്ചായത്താണ്. കഴിഞ്ഞ പഞ്ചായത്ത് 12 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് കൊണ്ടുവന്നത്. എന്നാൽ, നെടുമങ്ങാട് ജില്ല ആശുപത്രിയുടെ കാര്യത്തിൽ ജില്ല പഞ്ചായത്തിന് വേണ്ടത്ര താൽപര്യമില്ല എന്നതും വ്യാപകമായ പരാതിയാണ്. എച്ച്.എം.സി കമ്മിറ്റികളിൽ പോലും ജില്ല പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. നേരത്തെ ജില്ല പഞ്ചായത്ത് സജീവമായി ഇടപെട്ടിരുന്ന ആശുപത്രിയിൽ ഇപ്പോഴത്തെ ദയനീയ സ്ഥിതികളെക്കുറിച്ച് പഠിക്കാൻപോലും ജില്ല പഞ്ചായത്ത് മുൻകൈ എടുക്കുന്നില്ലെന്ന് എച്ച്.എം.സി ഭാരവാഹികൾ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.