കോവിഡ് വ്യാപനം: ജാഗ്രത കർശനമാക്കണമെന്ന്​ കലക്ടർ

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കണമെന്ന്​ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ. രോഗവ്യാപനം വരും ദിവസങ്ങളിൽ ഇനിയും വർധിക്കാനിടയുണ്ടെന്നും കലക്ടർ അറിയിച്ചു. നിലവിൽ 800-900 പേർക്കാണ്​ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടിവരുന്നത് മഹാമാരിയുടെ ആഘാതം വർധിപ്പിക്കും. കോവിഡ് പ്രതിരോധം ഒരു ജനകീയ പ്രവർത്തനമാണ്. രോഗവ്യാപനം തടയുന്നതിൽ ഓരോ വ്യക്തിയും അവരവരുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജാഗ്രതക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുള്ളത് സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൂടി കണക്കിലെടുത്താണ്. വൈറസിനൊപ്പം ജാഗ്രതയോടെ ജീവിക്കാൻ ശീലിച്ചെങ്കിൽ മാത്രമേ വാക്‌സിനുകൾ വരുന്നതുവരെ രോഗത്തെ നിയന്ത്രിച്ചു നിർത്താനാകൂ. അതിനായി ജാഗ്രതാനിർദേശങ്ങൾ കർശനമായി പാലിക്കണം. എസ്.എം.എസ് (സാനിറ്റൈസർ, സോപ്പ്, മാസ്‌ക്, സോഷ്യൽ ഡിസ്​റ്റൻസിങ്​) എന്ന കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ശ്രദ്ധിക്കണം. 10 വയസ്സിനുതാഴെയുള്ള കുട്ടികൾ, 60 വയസ്സിനുമുകളിലുള്ളവർ, ഗർഭിണികൾ, ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക്​ ചികിത്സ തേടുന്നവർ തുടങ്ങിയവർ വീട്ടിൽനിന്ന് പുറത്തിറങ്ങാതിരിക്കുക. അനാവശ്യയാത്രകൾ ഒഴിവാക്കണം. ടെലി മെഡിസിൻ സൗകര്യം കൂടുതൽ പ്രയോജനപ്പെടുത്തണം. കൂട്ടംചേരലുകളും ചടങ്ങുകളും ഒഴിവാക്കണം. മരണാനന്തരചടങ്ങുകൾ കുറച്ചാളുകളെ മാത്രം പങ്കെടുപ്പിച്ച്​ നടത്തുക, രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് സ്വയം പരിശോധിക്കുക, വീട്ടിൽ കഴിയുന്ന സമയം അടുത്ത കുടുംബാംഗങ്ങളുമായി മാത്രം ചെലവഴിക്കുക. അവശ്യവസ്തുക്കൾ വാങ്ങുന്നതിന് കടകളിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം പോകാൻ ശ്രമിക്കുക. ഒരാൾ പ്രൈമറി-സെക്കൻഡറി കോൺടാക്റ്റ് ആണെങ്കിൽ എല്ലാ ക്വാറൻറീൻ പ്രോട്ടോകോളുകളും പിന്തുടരണമെന്നും കലക്ടർ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.