തലസ്ഥാനത്ത്​ കോവിഡ്​ തീവ്രവ്യാപന സാധ്യയെന്ന്​ മുന്നറിപ്പ്​

തിരുവനന്തപുരം: തലസ്ഥാനത്ത്​ വരും ദിവസങ്ങളിൽ കോവിഡ്​ തീവ്രവ്യാപനത്തിന്​ സാധ്യതയെന്ന്​ മുന്നറിയിപ്പ്​. അടുത്ത മൂന്നാഴ്​ച രോഗബാധ വൻതോതിൽ വർധിക്കാനിടയുണ്ടെന്ന്​ കലക്​ടർ നവജ്യോത്​ ഖോസ മുന്നറിയിപ്പ്​ നൽകി. രോഗപ്രതിരോധപ്രവർത്തനം ശക്തമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്​. ജില്ലയുടെ പുതിയ കോവിഡ് ആക്​ഷന്‍ പ്ലാന്‍ തയാറാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. 95 ശതമാനത്തിനും സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഇതിൽ രോഗലക്ഷണമുള്ളവർ 15 ശതമാനം മാത്രമാണ്​. തലസ്​ഥാന ജില്ലയെ അഞ്ച്​ സോണുകളായി തിരിച്ചാകും നടപടികൾ. 470 ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ട്​. 14 ക്ലസ്​റ്ററുകളിൽ 100ലേറെ പേർക്ക്​ രോഗബാധയുണ്ടായി. സെൻട്രൽ ജയിലിൽ മാത്രം 480 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നിയന്ത്രണവിധേയമാക്കുക, നിലവിൽ രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണനിരക്ക്​ കുറയ്​ക്കുക എന്നിവയിലൂന്നിയാകും പ്രവർത്തനം. പൊതുജന പങ്കാളിത്തത്തോടെ വൈറസിനെ നേരിടാന്‍ ആക്​ഷന്‍ പ്ലാന്‍ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പുതിയ ആക്​ഷന്‍ പ്ലാനിലൂടെ രോഗവ്യാപനവും മരണനിരക്കും കുറയ്​​ക്കാനാകും. നിലവിലെ പരിമിതികളെക്കുറിച്ചും അവ നേരിടേണ്ട രീതികളെക്കുറിച്ചും വ്യക്തമായി ചര്‍ച്ച നടത്തിയാണ് കർമപദ്ധതിക്ക്​ രൂപം നല്‍കിയത്. താഴെതട്ടിലുള്ള കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതി​ൻെറ ഭാഗമായി വാര്‍ഡ് തല കമ്മിറ്റികള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ഓരോ വാര്‍ഡിലും ക്വാറൻറീനിൽ കഴിയുന്നവരുമായി കമ്മിറ്റിയിലെ വളൻറിയര്‍മാര്‍ നിരന്തരം ആശയവിനിമയം നടത്തുകയും റിവേഴ്സ് ക്വാറൻറീന്‍ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും. കോവിഡ് സംബന്ധിച്ച് വ്യാപകമായ ബോധവത്കരണം നല്‍കും. ബോധവത്കരണ ഭാഗമായി കോവിഡ് പ്രതിജ്ഞ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രതിജ്ഞയെടുക്കുന്നവര്‍ക്ക് ഇ- സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. ഓണാഘോഷം വീടുകളിൽതന്നെ പരിമിതപ്പെടുത്തുന്നതിനായി കോ-വീട് ഓണം എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ഓരോ താലൂക്കിലും പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയതായി കലക്ടര്‍ പറഞ്ഞു. ജില്ലയിലാകെ 30 സ്‌ക്വാഡുകളാണ് പ്രവര്‍ത്തനം നടത്തുക. തിരക്കുള്ള മാര്‍ക്കറ്റുകളില്‍ കോവിഡ് പരിശോധന വർധിപ്പിക്കും. പൊതുസ്ഥലങ്ങളില്‍ ടെസ്​റ്റിങ്​ കിയോസ്​ക്കുകള്‍ സ്ഥാപിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അനു എസ്. നായര്‍, ഡി.എം.ഒ കെ.എസ്. ഷിനു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.