ജീവനക്കാര്‍ക്ക് കോവിഡ്; പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു

കുന്നിക്കോട്: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു. വിളക്കുടി കുടുംബാരോഗ്യകേന്ദ്രം, വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവയും താൽക്കാലികമായി അടച്ചിട്ടുണ്ട്​. തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒരു ക്ലര്‍ക്കിനും വിളക്കുടി പഞ്ചായത്ത് ഓഫിസിലെ ഒരു ക്ലര്‍ക്കിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് തലവൂരിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് വിളക്കുടി പഞ്ചായത്ത് ജീവനക്കാരന്‍ പരിശോധന നടത്തിയത്. തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഉള്‍പ്പെടെ ജീവനക്കാരും ഗ്രാമപഞ്ചായത്ത് ഓഫിസിലെ ജീവനക്കാരും ജനപ്രതിനിധികളും തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ഏഴ് ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. പഞ്ചായത്ത് ഓഫിസും തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രവും അഗ്​നിശമനസേനാ പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി. ഇരുവരും സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഒരുമിച്ചുണ്ടായിരുന്നു. ഇവരുടെ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്ക് ബുധനാഴ്ച പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ പോയതോടെ ആശുപത്രിയിലെ മറ്റ് പ്രവർത്തനങ്ങള്‍ക്കായി പകരക്കാരെ നിയമിക്കുമെന്ന് ഡി.എം.ഒ അറിയിച്ചതായി തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാകേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.