കേരളത്തിലെ ആദ്യകാല പ്രൊജക്ടര്‍ ഇനി ചലച്ചിത്ര അക്കാദമി ചരിത്രശേഖരത്തില്‍

തിരുവനന്തപുരം: ചലച്ചിത്ര പ്രദര്‍ശന ചരിത്രത്തി​ൻെറ ഭാഗമായ, 80 വര്‍ഷത്തിലധികം പഴക്കമുള്ള സിനിമാ പ്രൊജക്ടര്‍ ഇനി ചലച്ചിത്ര അക്കാദമിയുടെ ശേഖരത്തില്‍. കേരളത്തിലെ ചലച്ചിത്രപ്രദര്‍ശനത്തി​ൻെറ പിതാവ് എന്ന്​ അറിയപ്പെടുന്ന കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫി​ൻെറ പേരക്കുട്ടി കെ.ഡി. പോള്‍ സ്ഥാപിച്ച തൃശൂര്‍ സ്വപ്ന തിയറ്ററിലുള്ള പ്രൊജക്ടറാണ് അക്കാദമിക്ക് കൈമാറിയത്. പ്രളയവും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ സ്വപ്ന തിയറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. അക്കാദമി ചെയര്‍മാന്‍ കമല്‍ തിയറ്റര്‍ ഉടമയെ സമീപിച്ച് പ്രൊജക്ടര്‍ അക്കാദമിയുടെ ചലച്ചിത്രഗവേഷണ കേന്ദ്രത്തില്‍ സൂക്ഷിക്കാന്‍ നല്‍കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. നിലവിലെ ഉടമ കെ.ഡി. പോളി​ൻെറ മകന്‍ മോഹന്‍ പോള്‍ പ്രൊജക്ടര്‍ കൈമാറി. അക്കാദമി പ്രോഗ്രാം മാനേജര്‍ (ഫെസ്​റ്റിവല്‍) കെ.ജെ. റിജോയ്, ഡോക്യുമെ​​േൻറഷന്‍ അസിസ്​റ്റൻറ്​ ശിവകുമാര്‍ പി.എസ്, പ്രൊജക്​ഷനിസ്​റ്റ്​ ജോണ്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ്​ വിഡിയോ പാര്‍ക്കില്‍ അക്കാദമി സ്ഥാപിച്ച ചലച്ചിത്രഗവേഷണ കേന്ദ്രമായ സിഫ്രയിലെ (സൻെറര്‍ ഫോര്‍ ഇൻറര്‍നാഷനല്‍ ഫിലിം റിസര്‍ച് ആൻഡ്​ ആര്‍ക്കൈവ്സ്) എക്സിബിഷന്‍ ഹാളില്‍ പ്രൊജക്ടര്‍ പ്രദര്‍ശനത്തിനായി സജ്ജീകരിക്കുമെന്ന് അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു. 81 വര്‍ഷം മുമ്പ് രാമവര്‍മ തിയറ്റര്‍ എന്ന പേരില്‍ തുടങ്ങിയ സിനിമാശാലയാണ് പിന്നീട് സ്വപ്ന തിയറ്റര്‍ ആയത്. 'നല്ല തങ്ക', 'സ്നാപക യോഹന്നാന്‍' തുടങ്ങിയ ആദ്യകാല സിനിമകള്‍ പ്രദര്‍ശിപ്പിച്ചത് സൂപ്പര്‍ സിംപ്ലക്സ് എന്നറിയപ്പെടുന്ന ഈ പ്രൊജക്ടറിലാണ്. വിഖ്യാത ചിത്രമായ 'ദ ഗ്രേറ്റ് ട്രെയിന്‍ റോബറി'യുടെ സംവിധായകന്‍ എഡ്വിന്‍ എസ്. പോര്‍ട്ടര്‍ 1909ല്‍ രൂപകല്‍പന ചെയ്ത സിംപ്ലക്സ് എന്ന അമേരിക്കന്‍ പ്രൊജക്ടറി​ൻെറ പരിഷ്കരിച്ച രൂപമായ സൂപ്പര്‍ സിംപ്ലക്സ് 1933ലാണ് ബ്രിട്ടനിലെത്തിയത്. തുടർന്ന്​​ ഇന്ത്യയിലെത്തി​. 1907ലെ തൃശൂര്‍പൂരത്തിന് ബയോസ്കോപ് പ്രദര്‍ശനം നടത്തിയാണ് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് മലയാളികളെ സിനിമ എന്ന ദൃശ്യവിസ്മയത്തിലേക്ക് ആകര്‍ഷിച്ചത്. ജോസ് ബയോസ്കോപ് എന്ന്​ പേരിട്ട ഈ സംരംഭവുമായി ജോസഫ് ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ചു. 1913ല്‍ ഇത്​ ജോസ് ഇലക്ട്രിക്കല്‍ ബയോസ്കോപ് ആയി. പിന്നീട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ കൂടാരത്തില്‍ 'രാജാ ഹരിശ്ചന്ദ്ര', 'കാളിയമര്‍ദനം' എന്നീ ഇന്ത്യന്‍ ചിത്രങ്ങളും 'കിങ്​ ഓഫ് സര്‍ക്കസ്' പോലുള്ള ഇംഗ്ലീഷ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കേരളത്തിലെ ആദ്യ സ്ഥിരം സിനിമാശാലയായ തൃശൂരിലെ ജോസ് തിയറ്റര്‍ സ്ഥാപിച്ചു. വാറുണ്ണി ജോസഫി​ൻെറ മകന്‍ കെ.ജെ. ദേവസ്സിയും മകന്‍ കെ.ഡി. പോളും തിയറ്റര്‍ വ്യവസായത്തില്‍ ഉറച്ചുനിന്നു. സ്വപ്ന തിയറ്ററും കോഴിക്കോട്ടെ ഡേവിസണ്‍ തിയറ്ററും ഈ കുടുംബത്തി​ൻെറ ഉടമസ്ഥതയിലായിരുന്നു. ക്യാപ്ഷൻ: ചലച്ചിത്ര അക്കാദമിയുടെ ശേഖരത്തിലെത്തിയ 80 വർഷം പഴക്കമുള്ള പ്രൊജക്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.