അതീവ ജാഗ്രത; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഊര്‍ജിത നീക്കമാരംഭിച്ചു

കാട്ടാക്കട: ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍, ആശാവര്‍ക്കര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍, വ്യാപാരി ഉള്‍പ്പെടെ ആര്യനാട് മേഖലയില്‍ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ആര്യനാട്, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, വെള്ളനാട് പഞ്ചായത്ത് മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പുലർത്തേണ്ടിവരുമെന്ന് ആരോഗ്യവകുപ്പ്. കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തയാറാക്കി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഊര്‍ജിത നീക്കമാരംഭിച്ചു. ആര്യനാട് ആശുപത്രിയിൽ നടത്തിയ റാൻഡം പരിശോധനയിലാണ് ആറുപേര്‍ക്ക് പോസിറ്റിവാണെന്ന് കണ്ടെത്തിയത്. എന്നാൽ, ഇവർക്ക് എവിടെനിന്നാണ് രോഗം പിടിപെട്ടതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പ്രാഥമിക വിവരമനുസരിച്ച് കോവിഡ് സ്ഥിരീകരിച്ചവര്‍ നിരവധിപേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ്​ കണ്ടെത്തല്‍. മെഡിക്കല്‍ ഓഫിസര്‍ക്കും ആശാവര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ ആര്യനാട് സര്‍ക്കാര്‍ ആശുപത്രി അണുമുക്തമാക്കുകയും പൂട്ടിയിടേണ്ടിവരികയും വേണം. ആശുപത്രി ബുധനാഴ്​ച അണുമുക്തമാക്കും. ജീവനക്കാരെയും നിരീക്ഷണത്തിലാക്കും. ബുധനാഴ്ചമുതല്‍ രാവിലെ ഏഴുമുതല്‍ 11വരെമാത്രമേ അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകള്‍ തുറക്കാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. പലചരക്ക്, പാല്‍, പഴം- പച്ചക്കറിക്കടകള്‍ എന്നിവ അനുവദിച്ച സമയത്തേക്ക്​ തുറക്കുമെന്നും കണ്ടെയ്​ൻമൻെറ്​ സോണുകളില്‍നിന്ന്​ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും പുറത്തുനിന്ന്​ സോണുകളില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ യഹിയ മാധ്യമത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.