നെഗറ്റിവ്​ വാർത്തകൾ ടൂറിസത്തെ ബാധിക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം -മന്ത്രി മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം: നെഗറ്റിവായ വാർത്തകൾ ടൂറിസം മേഖലയെ ബാധിക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന്​ ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌. അറിയപ്പെടാത്ത നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ കേരളത്തിലുണ്ട്‌. അത്തരത്തിലുള്ള കേന്ദ്രങ്ങളെക്കുറിച്ച്‌ ഫീച്ചറുകൾ നൽകാനും അവയെ വളർത്തിക്കൊണ്ടുവരാൻ പ്രത്യേക നിർദേശങ്ങൾ മുന്നോട്ടുവെക്കാനും മാധ്യമങ്ങൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി 'കേരള വികസനവും ടൂറിസം സാധ്യതകളും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനുശേഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. വിനോദസഞ്ചാര വകുപ്പ്‌ നടപ്പാക്കിയ വിവിധ പദ്ധതികൾ സംസ്ഥാനത്തേക്ക്‌ ആഭ്യന്തര സഞ്ചാരികളെ വലിയതോതിൽ എത്തിച്ചിട്ടുണ്ട്‌. ലോകത്ത്‌ കണ്ടിരിക്കേണ്ട 50 പ്രദേശങ്ങളെ ടൈം മാഗസിൻ അടയാളപ്പെടുത്തിയപ്പോൾ അതിൽ ഒന്ന്‌ കേരളമാണെന്ന കാര്യത്തിന്‌ മാധ്യമങ്ങൾ പ്രചാരം നൽകിയില്ല. ദേശീയ പാതയുടെ വികസനം, മലയോര ഹൈവേ, തീരദേശ പാത എന്നിവയിലൂടെ യാത്രാപ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡന്റ്‌ സാനു ജോർജ്‌ തോമസ്‌ അധ്യക്ഷതവഹിച്ചു. പ്രഫ. കെ.വി. തോമസ്‌, ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ്‌കുമാർ, പൂവാർ ഐലന്റ്‌ റിസോർട്ട്‌ എം.ഡി എം.ആർ. നാരായണൻ, റാവിസ്‌ എം.ഡി അനിൽ ജോർജ്‌, ഡി. ചന്ദ്രസേനൻ നായർ, കെ.പി.ഡി.എ സ്‌റ്റേ്‌ എക്‌സിക്യൂട്ടിവ്‌ അംഗം എൻ. നാസർ, മുഹമ്മദ്‌ റസീഫ്‌, കെ.വി. രവിശങ്കർ, ആർ. കിരൺ ബാബു, ജോയ്‌ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.