നാടും നഗരവും കീഴടക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും...

തിരുവനന്തപുരം: ഉണ്ണിക്കണ്ണന്മാരും ഗോപികമാരും പിച്ചവെച്ചും കുസൃതികാട്ടിയും നാടും നഗരവും കീഴടക്കി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്​ നടത്തിയ ശോഭയാത്രയിൽ​ ആയിരക്കണക്കിന്​ കുരുന്നുകൾ അണിനിരന്നു​. പ്രളയവും കോവിഡും കാരണം നാലുവർഷമായി മുടങ്ങിയിരുന്ന ശോഭയാത്രയാണ്​ മുൻകാലത്തെക്കാൾ ശോഭയോടെ മടങ്ങിയെത്തിയത്​. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജന്മാഷ്ടമി ശോഭയാത്രയിൽ നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാര്‍ക്കൊപ്പം രാധമാരും കുചേലന്മാരും പിച്ചവെച്ചു. ഉറിയടിക്കുന്ന കൃഷ്ണന്‍, ഊഞ്ഞാലാടുന്ന കൃഷ്ണന്‍, ഉരല്‍ വലിക്കുന്ന കൃഷ്ണന്‍, ഗോവർധനം ഉയര്‍ത്തുന്ന കൃഷ്ണന്‍, കാളിയമർദനം തുടങ്ങിയ നിശ്ചല ദൃശ്യങ്ങള്‍ ദ്വാപരയുഗ സ്മരണകള്‍ ഉയര്‍ത്തി. കേരളീയ വേഷധാരികളായ അമ്മമാരും മുത്തുക്കുടയേന്തിയ ബാലിക ബാലന്മാരും ശോഭയാത്രക്ക് നിറപ്പകിട്ടേകി. വിവിധ താളമേളങ്ങളുടെ അകമ്പടിയില്‍ ഭജന സംഘങ്ങള്‍ കൃഷ്ണഗാഥയുമായി യാത്രയെ ഭക്തിസാന്ദ്രമാക്കി. തലസ്ഥാനനഗരിയെ ഭക്തിയിൽ ആറാടിച്ചുള്ള ശോഭായാത്രയാണ്​ നടന്നത്​. വൈകുന്നേരം അഞ്ചോടെ പാളയം ഗണപതി ക്ഷേത്രത്തിൽനിന്ന്​ ആരംഭിച്ച ശോഭയാത്ര കിഴക്കേകോട്ടയിൽ സമാപിച്ചു. തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പുരാണങ്ങളെ അനുസ്മരിപ്പിച്ചുള്ള വേഷധാരികളായ കുട്ടികളും അമ്മമാരും നഗരത്തില്‍ പത്ത് കേന്ദ്രങ്ങളില്‍ ഒത്തുചേര്‍ന്നു. വൈകീട്ട് മൂന്നോടെ ചെറുശോഭയാത്രകളായി പാളയം മഹാഗണപതിക്ഷേത്ര സന്നിധിയിലെത്തി. തുടർന്ന് മഹാ ശോഭയാത്രയായി നഗരവീഥിയെ കുട്ടികൾ കൃഷ്ണലീലകളാൽ അവിസ്മരണീയമാക്കി. പിന്നീട്​ എം.ജി റോഡ് വഴി അനന്തപത്മനാഭ സന്നിധിയിലൂടെ കിഴക്കേകോട്ടയിൽ സമാപിച്ചു. കുട്ടികള്‍ക്കെല്ലാം ആറ്റുകാല്‍ ദേവീ ക്ഷേത്ര ട്രസ്റ്റ് അവല്‍പൊതി പ്രസാദമായി നല്‍കി. പാളയം ഗണപതി ക്ഷേത്രത്തിൽ മഹാശോഭയാത്രയുടെ ഉദ്ഘാടനം ഗായകന്‍ ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. മഹാ ശോഭയാത്രയുടെ പതാക സംഘാടക സമിതി ചെയര്‍മാന്‍ സംവിധായകന്‍ രാജസേനൻ കൈമാറി. സംഘാടകസമിതി ഭാരവാഹികളായ എം. മഹേശ്വരന്‍, എസ്. രാധാകൃഷ്ണന്‍, എസ്. രാജീവ്, കെ. സുനില്‍, മായാ മോഹന്‍, ഷാജു വേണുഗോപാല്‍, മീമണി വാസുദ്വന്‍, ഗോപന്‍ ആറന്നൂര്‍, നന്ദു പാപ്പനംകോട്, കെ.വി. രാജേന്ദ്രന്‍, മോനി കൃഷ്ണ, സതീഷ് പൂജപ്പുര, കെ. ബാബു, അഡ്വ. അഞ്ജന സുരേഷ്, ടി.കെ. രാജന്‍, ടി. നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.