മുതിർന്ന പൗരന്മാർക്കുള്ള ഇളവ്​: 'വെട്ടിക്കുറച്ചും പരിധിവെച്ചും' പുനഃസ്ഥാപിക്കാൻ ആലോചന

തിരുവനന്തപുരം: ആനുകൂല്യങ്ങൾക്ക്​ പരിധിവെച്ചും കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയും മുതിർന്ന പൗരന്മാർക്ക്​ ഇളവുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേയിൽ ആലോചന. കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന്​ ശക്തമായ ആവശ്യം ഉയർന്ന സാഹചര്യത്തിലാണ്​ പുനരാലോചന. എല്ലാ കോച്ചുകളിലും ആനുകൂല്യം അനുവദിക്കാതെ ജനറലിലും സ്​ലീപ്പറിലും മാത്രം ഇളവ്​ നൽകാനാണ്​ നീക്കം. ഒപ്പം മുതിർന്ന പൗരന്മാർക്കെന്ന പരിഗണനക്ക്​ നിലവിലേതിൽനിന്ന്​ വ്യത്യസ്തമായി പ്രായപരിധി ഏർപ്പെടുത്താനും ആലോചനയുണ്ട്​. കോവിഡിന്​ മുമ്പ്​ 58ന് മുകളിലുള്ള സ്ത്രീകൾക്കും 60ന് മുകളിലുള്ള പുരുഷന്മാർക്കുമായിരുന്നു ആനുകൂല്യം. ഇത്​ 70 വയസ്സിലേക്കുയരുമെന്നാണ്​ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സ്ത്രീകൾക്ക്​ ടിക്കറ്റ്​ നിരക്കിന്‍റെ 50 ശതമാനവും പുരുഷന്മാർക്ക്​ 40 ശതമാനവുമാണ്​ നേരത്തെ ഇളവ്​ ലഭിച്ചിരുന്നത്​. ഇതിനിടെ ട്രെയിനുകളിലെ സ്​ലീപ്പർ കോച്ചുകൾ രണ്ടെണ്ണമായി പരിമിതപ്പെടുത്തി പകരം എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനാണ്​ റെയിൽവേയുടെ തീരുമാനം. ഇതോടെ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ വീണ്ടും പരിമിതപ്പെടും. കൺസെഷൻ നൽകുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ ഡിവിഷനു​കളോട്​ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്​. എന്നാൽ കൃത്യമായ ആശയവിനിമയം ഇക്കാര്യത്തിൽ ഉണ്ടാവുന്നില്ലെന്നാണ്​ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്​. നിലവിൽ റിസർവേഷന്​ ശ്രമിക്കുമ്പോൾ ലോവർ ബർത്തിൽ മുൻഗണന കിട്ടുമെന്നത്​ മാത്രമാണ്​ മുതിർന്ന പൗരന്മാർക്കുള്ള പരിഗണന. റെയിൽവേ നൽകുന്ന ഇളവുകളിൽ 75 ശതമാനവും മുതിർന്ന പൗരന്മാർക്കുള്ളതാണ്​. 2020 മാർച്ചിൽ കോവിഡ്​ മഹാമാരിയെ തുടർന്ന്​ ട്രെയിൻ സർവിസുകളെല്ലാം നിർത്തിയതോടെയാണ്​ കൺസഷനു​കൾ അവസാനിച്ചത്​. 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്ക്​ പ്രകാരം 7.31 കോടി മുതിർന്ന പൗരന്മാരാണ്​ റെയിൽവേയിൽ യാത്ര ചെയ്തത്​. ഇതിൽ 4.46 കോടി പുരുഷന്മാരും 2.84 കോടി സ്ത്രീകളും 8,310​ മുതിർന്ന ട്രാൻസ്​​​​ജെൻഡേഴ്​സുമാണ്​. ഇക്കാലയളവിൽ മുതിർന്ന പൗരന്മാരിൽനിന്നുള്ള മൊത്തം ടിക്കറ്റ്​ വരുമാനം 3,464 കോടി രൂപയാണ്. ഇതിൽ യാത്ര ഇളവ്​ ഒഴിവാക്കിയതിലൂടെ അധികമായി ലഭിച്ചത്​ 1,500 കോടി രൂപയാണെന്നാണ്​ റെയിൽവേയുടെ തന്നെ കണക്ക്. എം. ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.