പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല -കെ. സുധാകരന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയശേഷം ​പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സി.പി.എം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് എസ്.എഫ്.ഐ അക്രമം നടത്തിയത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍നിന്ന്​ ഒഴിവാക്കാന്‍ സി.പി.എം സമ്മര്‍ദം ചെലുത്തിയത് അതിന്റെ തെളിവാണ്. അക്രമത്തിന് പിന്നില്‍ ഉന്നത സി.പി.എം നേതൃത്വത്തിന്റെ കറുത്ത കരങ്ങളുണ്ട്. ഈ ഹീനകൃത്യത്തിന് പിന്നിലെ ഗൂഢാലോചന നിലവിലെ സാഹചര്യത്തില്‍ പൊലീസ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ല. അതിനാൽതന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമായി അവസാനിക്കും. അക്രമത്തിന് നിർദേശം നല്‍കിയശേഷം സി.പി.എം ഇപ്പോള്‍ എസ്.എഫ്.ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള സ്വാഭാവിക നടപടിയും മാത്രമാണ്. പ്രതിപ്പട്ടികയിലുള്ളവരെ രക്ഷിക്കാന്‍ നിയമസഹായം ഉറപ്പാക്കിയശേഷമാണ് സി.പി.എം അക്രമത്തെ അപലപിക്കുന്നത്. ആളെ കൊല്ലുകയും കൊന്നവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ പാരമ്പര്യമാണെന്നും സുധാകരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.