തടയാൻ നടപടിയില്ല; നിരോധിത വലകളുപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകം

പൂന്തുറ: ട്രോളിങ് നിരോധനം നിലനിൽക്കെ മത്സ്യസമ്പത്തിന് ഭീഷണിയായി നിരോധിത വലകളുപയോഗിച്ചുള്ള മത്സ്യബന്ധനം. തമിഴ്നാട്ടില്‍നിന്നും മറ്റ് ജില്ലകളില്‍നിന്നുമുള്ള യാനങ്ങളാണ് ജില്ലയുടെ തീരക്കടലില്‍ നിരോധിത വലകളുപയോഗിച്ച് മത്സ്യങ്ങളെ വാരുന്നത്. ഈ സംഘങ്ങളെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരെ ബന്ധി‍യാക്കിയ സംഭവവും കഴിഞ്ഞദിവസമുണ്ടായി. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്​സ്​മെന്‍റും അടിയന്തരമായി ഇടപെട്ടതുകൊണ്ട് മാത്രമാണ് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ കഴിഞ്ഞത്. കടലില്‍നിന്ന് വളര്‍ച്ച എത്താത്ത മത്സ്യങ്ങളെ പിടികൂടാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ഇത് അവഗണിച്ചാണ് നിരോധിച്ച പെലാജിക് നെറ്റും ട്രോള്‍നെറ്റും ഉപയോഗിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വാരുന്നത്. വളം നിർമാണത്തിന് നല്‍കാനാണിത്. ഇത്തരം വലകളുടെ കണ്ണികള്‍ ചെറുതായതിനാല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ കഴിയില്ല. എന്നാല്‍, പരമ്പാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന വലകളിലെ കണ്ണികള്‍ക്ക് അകലം കൂടുതലാണ്. അതുകൊണ്ട് തന്നെ വലയില്‍പെടുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് സുഗമായി തിരിച്ചിറങ്ങാന്‍ കഴിയും. നിരോധിത വലകളുപയോഗിച്ചുള്ള മീൻപിടിത്തം തടയാൻ അധകൃതർ നടപടി ശക്തമാക്കണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. സംസ്ഥാനത്ത് മത്സ്യബന്ധനം നടത്തുന്നതിന് നിയമപ്രകാരമുള്ള യൂസേഴ്സ് ഫീയും ഇതരസംസ്ഥാന യാനങ്ങള്‍ നൽകാറില്ല. പുറമേ ടയര്‍ ഉപയോഗിച്ച് കൃത്രിമപാര് നിർമിച്ചുള്ള മത്സ്യബന്ധനവും ഇവർ നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള കൃത്രിമപാര് നിർമാണത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രോളിങ് കാലത്ത് വ്യാപകമാണ്. കടലി‍ൻെറ ആവാസവ്യവസ്ഥക്കും കൃത്രിമ പാര് നിർമാണം ദോഷകരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.