പുറംകച്ചവടത്തിന് ഒത്താശ; മംഗലപുരം വിദേശമദ്യശാലയിൽ അനധികൃത മദ്യവിൽപന

മംഗലപുരം: മംഗലപുരം വിദേശ മദ്യവിൽപനശാലയിൽനിന്ന് പുറംകച്ചവടത്തിന് അനധികൃതമായി മദ്യം വിൽപന നടത്തിയതായി പരാതി. 30 ലിറ്ററിലധികം മദ്യമാണ് ബെവ്കോ മാനേജറുടെ ഒത്താശയോടെ ബില്ലില്ലാതെ വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും ബെവ്കോ മാനേജർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. മദ്യം ഒരുമിച്ച് മദ്യവിൽപനശാലക്ക് സമീപം നിർത്തിയിരുന്ന വാഹനത്തിലേക്ക് കയറ്റുന്നത് ശ്രദ്ധയിൽപെട്ടവർ ദൃശ്യങ്ങൾ പകർത്തി ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തായത്. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. എന്നാൽ നടപടി വൈകുകയാണ്. മാനേജർ ഇടത്​ അനുകൂല സംഘടനയുടെ സജീവ പ്രവർത്തകനായത് കാരണമാണ് നടപടി വൈകുന്നതെന്ന ആക്ഷേപം മറ്റ്​ സംഘടന നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ഔട്ട്​ലെറ്റിലെ മറ്റൊരു ജീവനക്കാരന്‍റെ തലയിൽ കെട്ടിവെച്ച് മാനേജറെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. നേരത്തെ സ്വഭാവദൂഷ്യത്തിന് നടപടിക്ക് വിധേയനായ വ്യക്തിയാണ് ഇടത്​ സംഘടന നേതാവായ ബെവ്കോ മാനേജർ. കിളിമാനൂർ, വർക്കല ഔട്ട്​ലെറ്റിലെ സഹപ്രവർത്തകരെ മർദിച്ച സംഭവത്തിലും വെയർഹൗസിലെ വനിത ജീവനക്കാരിയെ അശ്ലീലം പറഞ്ഞ് അപമാനിച്ച സംഭവത്തിലും ഇയാൾക്കെതിരെ പരാതി ഉയർന്നെങ്കിലും സംഘടന ഇടപെട്ട് നിസ്സാര നടപടികൾ മാത്രം സ്വീകരിച്ച് സംരക്ഷിക്കുകയായിരുന്നു. 30 ലിറ്ററിൽ ഏറെ മദ്യം ബില്ലില്ലാതെ വിറ്റ സംഭവമുണ്ടായത് പരിശോധിച്ച് സ്ഥിരീകരിച്ചിട്ടും മാനേജർക്കെതിരെ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് മറ്റ് യൂനിയനുകളുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.