ലോക കേരളസഭ ചർച്ച ചെയ്യുന്നത്​ എട്ട്​ വിഷയമേഖലകൾ

തിരുവനന്തപുരം: മൂന്നാം ലോക കേരളസഭയുടെ ഊന്നൽ പ്രവാസികളുമായി ബന്ധപ്പെട്ട എട്ട്​ വിഷയമേഖലകളിൽ. ഇതോടൊപ്പം ആദ്യ രണ്ട്​ സഭകളിൽ നടന്ന ചർച്ചകളുടെയും ശിപാർശകളുടെയും തുടർനടപടികളും പ്രതിപാദിക്കുന്ന റിപ്പോർട്ടും മൂന്നാം സഭയിൽ അവതരിപ്പിക്കും. ​വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപവത്​കരണത്തില്‍ പ്രവാസി ഇടപെടലിന്‍റെ സാധ്യതകള്‍, നവകേരള നിര്‍മാണത്തിന് സഹായകമാവുന്ന പ്രവാസിനിക്ഷേപസാധ്യതകള്‍ എന്നിവ ഇത്തവണ ചർച്ച ​ചെയ്യുന്ന വിഷയമേഖലകളാണ്​. പ്രവാസികളുടെ വൈദഗ്​ധ്യത്തെയും സാധ്യതകളെയും കേരളത്തിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നതിനൊപ്പം പ്രവാസി നിക്ഷേപങ്ങള്‍ വിജയകരമാക്കാനുള്ള ആശയങ്ങളും ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവി പ്രവാസം-നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും എന്നതാണ് മൂന്നാമത്തെ വിഷയം. ആഗോളതൊഴില്‍ വിപണിയുടെ പുതിയ പ്രവണതകള്‍ വിശകലനം ചെയ്ത്​ ഗുണമേന്മയുള്ള പ്രവാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ചര്‍ച്ചയാവും. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമ്മേളനത്തിന്‍റെ മുഖ്യവിഷയമാണ്. പ്രവാസികള്‍ക്കായുള്ള സർക്കാർ പദ്ധതികളുടെ വിലയിരുത്തല്‍-പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതനാശയങ്ങളും എന്ന വിഷയം ഈ മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്. വിദേശത്ത് പ്രവാസികള്‍ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചര്‍ച്ചയാവും. പ്രവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണസാധ്യതകള്‍ എന്ന വിഷയം ഈ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ്. സ്ത്രീ കുടിയേറ്റത്തിന്‍റെ ഭാവി സാധ്യതകള്‍, പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും, ഇതരസംസ്ഥാന മലയാളികളുടെ പ്രശ്നങ്ങള്‍ എന്നിവയും ലോക കേരളസഭ ചർച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.