നഗരൂർ പാലം നിർമാണത്തിന് ഒച്ചിഴയും വേഗം; ദുരിതത്തിലായി നാട്ടുകാർ

കിളിമാനൂർ: യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ നഗരൂർ പാലത്തിന്‍റെ നിർമാണം ഒച്ചിഴയും വേഗത്തിൽ. പ്രധാന റോഡിലെ ഗതാഗതം നിലച്ചതോടെ സ്കൂൾ വിദ്യാർഥികളടക്കം യാത്രക്കാർക്ക് ദുരിതം. സംസ്ഥാന പാതയെ ദേശീയപാതയിൽ ആലംകോടുമായി ബന്ധിപ്പിക്കുന്ന ആലംകോട്-നഗരൂർ-കാരേറ്റ് റോഡിലെ നഗരൂർ കവലക്കു സമീപത്തെ പാലമാണ് പൊളിച്ചിട്ടിരിക്കുന്നത്. മൂന്നു മാസത്തിലേറെയായി പാലം പൊളിച്ചിട്ട്. കിഫ്ബി ഫണ്ടിൽനിന്ന്​ മൂന്നു കോടി രൂപ ചെലവഴിച്ചാണ് നഗരൂർ തോടിന് കുറുകെയുള്ള പാലം പൊളിച്ച് നിർമാണം ആരംഭിച്ചത്. പല ഘട്ടങ്ങളിലായി റോഡിന് വീതി കൂട്ടിയെങ്കിലും ഒരുസമയം ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാൻ കഴിയുമായിരുന്നുള്ളു. റോഡിൽ വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ ടൗണിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. നാട്ടുകാരുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് പാലം പുനർനിർമിക്കാൻ നടപടിയായത്. കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികടക്കം നിത്യേന യാത്ര ചെയ്യുന്ന പാതയാണിത്. നിർമാണ പ്രവർത്തനം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജോലി പൂർണമായും നിർത്തിവെച്ച അവസ്ഥയിലാണത്രെ. അടിയന്തരമായി എം.എൽ.എ വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.