50,000 രൂപയിലേറെ കവര്‍ന്നു കോഴിക്കോട്: മാവൂർറോഡിൽ കോട്ടൂളിയില്‍ അർധരാത്രിക്കുശേഷം പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് 50,000 രൂപയിലേറെ കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മുളകുപൊടി വിതറി മൽപിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തി കൈകള്‍ കെട്ടിയശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം വിതരണക്കാരായ കോട്ടൂളി നോബിൾ പെട്രോളിയംസ് പമ്പിലാണ് കവര്‍ച്ച. വ്യാഴാഴ്ച പുലര്‍ച്ച ഒന്നരക്ക് ശേഷമാണ് സംഭവം. രാത്രി 12 വരെ പ്രവര്‍ത്തിക്കുന്ന പമ്പ് അടച്ചശേഷം ഓഫിസ് മുറിയിൽ പണം എണ്ണിത്തിട്ടപ്പെടുത്താനിരുന്ന വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് റാഫിയാണ് (42) ആക്രമണത്തിനിരയായത്. കെട്ടിടത്തിന്റെ മേൽക്കൂരവഴി കടന്ന് മുളകുപൊടി എറിഞ്ഞശേഷം ജീവനക്കാരനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പമ്പിലെ വാതിൽപടിയിലും റൂമിലും മുളകുപൊടി വിതറിയനിലയിലാണ്. മുളകുപൊടിയുടെ ഒഴിഞ്ഞ പാക്കറ്റുകളും കണ്ടെത്തി. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ചു. ഏറെനേരത്തെ മൽപിടിത്തത്തിലൂടെയാണ് ജീവനക്കാരന്റെ കൈകള്‍ ആക്രമി ബന്ധിച്ചത്. ഇതിനുശേഷം പെട്രോള്‍ പമ്പിലുണ്ടായിരുന്ന 50,000 രൂപയിലേറെ രൂപയുമായി കടന്നുകളഞ്ഞു. ഒന്നര ലക്ഷത്തിലേറെ രൂപ ജീവനക്കാരന്റെ കൈയിലുണ്ടായിരുന്നെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപെടാത്തതിനാല്‍ നഷ്ടപ്പെട്ടില്ല. ഹിന്ദി ഭാഷ സംസാരിക്കുന്നെന്ന് തോന്നിപ്പിക്കുന്നയാളാണ് മോഷ്ടാവെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചതായി മെഡിക്കല്‍ കോളജ് സി.ഐ ബെന്നി പറഞ്ഞു. പമ്പിലുള്ള പത്ത് സി.സി ടി.വികള്‍ക്കുപുറമെ പുറത്തുള്ള കാമറകളും പരിശോധനക്ക് വിധേയമാക്കും. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.