പൈലറ്റ്‌ ട്രെയിനിയെ പീഡിപ്പിച്ചെന്ന കേസ്: സഹപാഠികളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: വനിത പൈലറ്റ്‌ ട്രെയിനിയെ പീഡിപ്പിച്ചെന്ന കേസിൽ സഹപാഠികളടക്കമുള്ളവരുടെ മൊഴി യുവജന കമീഷൻ രേഖപ്പെടുത്തും. രാജീവ്‌ ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ആൻഡ് ടെക്നോളജി അധികൃതർ നടത്തിയ ആഭ്യന്തരസമിതി റിപ്പോർട്ടിൽ പെൺകുട്ടിക്കെതിരായി സഹപാഠികൾ മൊഴി നൽകിയെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഈ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കാനാണ്‌ കമീഷൻ വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്‌. പെൺകുട്ടി നൽകിയ പരാതിയെതുടർന്ന്‌ യുവജന കമീഷൻ ഹിയറിങ്‌ നടത്തിയിരുന്നു. ചെയർപേഴ്‌സൺ ചിന്ത ജെറോമിന്‍റെ അധ്യക്ഷതയിലായിരുന്നു ഹിയറിങ്‌. പൊലീസ്‌ അന്വേഷണ റിപ്പോർട്ടും അക്കാദമിയുടെ ആഭ്യന്തരസമിതിയുടെ അന്വേഷണ റിപ്പോർട്ടും കമീഷന്‌ കൈമാറി. കുട്ടിയുടെ ഭാവിക്ക്‌ കോട്ടം തട്ടാത്തരീതിയിൽ പഠന സൗകര്യമൊരുക്കാമെന്നാണ്‌ അക്കാദമി അധികൃതർ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. പരാതിയിൽ കേസെടുത്തെങ്കിലും പരിശീലകൻ ഹൈകോടതിയിൽനിന്ന്‌ നോട്ട്‌ ടു അറസ്റ്റ്‌ ഉത്തരവ്‌ നേടിയതിനാലാണ്‌ തുടർനടപടികളിലേക്ക്‌ കടക്കാൻ കഴിയാത്തതെന്ന്‌ പൊലീസ്‌ കമീഷനെ അറിയിച്ചു. 31ന്‌ ശേഷം അറസ്റ്റടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ്‌ അറിയിച്ചൂ. പരാതിക്കാരിയും ഹിയറിങ്ങിന്‌ എത്തിയിരുന്നു. പഠനം മുടങ്ങരുതെന്നും കുറ്റക്കാരനെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. മൊഴിയെടുക്കൽ പൂർത്തിയാക്കി, റിപ്പോർട്ടുകൾ പരിശോധിച്ചശേഷം വീണ്ടും ഹിയറിങ്‌ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.