കടലാക്രമണത്തിൽ വീട് നഷ്ടമായവർ ഒഴിഞ്ഞില്ല; പകിട്ടില്ലാതെ വലിയതുറ ഗവ.യു.പി സ്കൂളിലെ പ്രവേശനോത്സവം

വലിയതുറ: ഓരോ സ്കൂൾ തുറക്കലിലും ക്ലാസ് മുറികളും കളിമുറ്റവും തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ വലിയതുറ സര്‍ക്കാര്‍ യു.പി സ്കൂളിന്‍റെ പടികടന്നെത്തുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത്തവണയും നിരാശ ബാക്കി. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ വര്‍ഷങ്ങളായി സ്കൂളിൽ കഴിയുന്നതാണ് കാരണം. സ്കൂളില്‍ പാര്‍പ്പിക്കുന്നവരെ ഒഴിപ്പിച്ചാല്‍ മാത്രമേ വിദ്യാർഥിള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയൂവെന്ന് അധ്യാപകര്‍ നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും നടപടിയായില്ല. ഇതുകാരണം ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. അഞ്ചുവര്‍ഷം മുമ്പുവരെ രണ്ട് ഏക്കര്‍ 60 സെന്‍റ്​ സ്ഥലത്ത് 20യോളം ക്ലാസ്മുറികളും വിശാലമായ ഓഡിറ്റോറിയവും വലിയ കളിമുറ്റവും ഇരുനൂറിലധികം കുട്ടികളും ഇരുപതോളം അധ്യാപകരും ജീവനക്കാരുമുൾപ്പെടുന്ന തീരദേശത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു വലിയതുറ യു.പി സ്കൂൾ. വലിയതുറ ഭാഗത്ത് കടലാക്രമണം ശക്തമാകുന്ന സമയത്ത് റവന്യൂ അധികൃതര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കാറുണ്ട്. കടലാക്രമണം ശാന്തമാകുന്നതോടെ ഈ ക്യാമ്പുകള്‍ പൂട്ടാറാണ് പതിവ്. എന്നാല്‍, ഇവിടെ റവന്യൂ അധികൃതര്‍ ക്യാമ്പുകള്‍ പൂട്ടിയെങ്കിലും ദുരിതാശ്വാസക്കാര്‍ പിന്നീട് സ്കൂളുകളിൽനിന്ന്​ ഒഴിഞ്ഞു പോകാന്‍ തയാറായില്ല. ഇതോടെ, അധ്യയനവും പ്രതിസന്ധിയിലായി. പത്തിലധികം ക്ലാസ് മുറികളിലും ഓഡിറ്റോറിയത്തിലുമാണ് കടലാക്രണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ കഴിയുന്നത്. ക്ലാസ് മുറികള്‍ ഇല്ലാതെ വന്നതോടെ, കുട്ടികളുടെ എണ്ണം വര്‍ഷംതോറും കുറയാൻ തുടങ്ങി. ഇത്തവണ 75 കുട്ടികള്‍ മാത്രമാണുള്ളത്. ഇത് ഇനിയും കുറയുമെന്ന് അധ്യാപകര്‍ തന്നെ പറയുന്നു. പുറത്തുള്ളവര്‍ താമസിക്കുന്നത് കാരണം കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പലരും കുട്ടികളെ സ്കൂളിൽ വിടാൻ മടിക്കുകയാണ്. ഇത്തവണ കുട്ടികളുടെ കൊഴിഞ്ഞുപോക്കുണ്ടാകാതിരിക്കാൻ വേണ്ടി താല്‍ക്കാലിക പരിഹാരമെന്ന നിലക്ക് അധ്യാപകര്‍ സ്വന്തം കീശകളില്‍ നിന്ന്​ പണമെടുത്ത് ഷീറ്റ് വാങ്ങി ബാക്കി വരുന്ന ക്ലാസ് മുറികളുടെ ഭാഗം കെട്ടിയടച്ചു. സ്കൂളിന്‍റെ പിറക് വശത്ത് കൂടി കുട്ടികൾക്കെത്താന്‍ ചെറിയ വഴിയുമുണ്ടാക്കി. ഈ ക്ലാസ് മുറികളില്‍ ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബും ഓഫിസ് മുറിയും കുട്ടികളുടെ പഠനവും തല്‍ക്കാലം ഒന്നിച്ച് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് അധ്യാപകര്‍. പേരിനുവേണ്ടി പ്രവേശനോത്സവം നടത്തുന്നതല്ലാതെ ആഘോഷമാക്കാന്‍ കഴിയാത്തതിന്‍റെ വിഷമത്തിലാണ് അധ്യാപകരും വിദ്യാർഥികളും രക്ഷാകര്‍ത്താക്കളും. ചിത്രം -valiyathura school വലിയതുറ യു.പി സ്കൂളില്‍ ദുരിതശ്വാസക്കാര്‍ കൈടക്കിയ ശേഷമുള്ള ക്ലാസ്മുറികള്‍ ഷീറ്റ് കെട്ടി തിരിച്ചനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.