വിഭാഗീയത സൃഷ്ടിച്ച് ഹിന്ദു വർഗീയത വളർത്താൻ ബി.ജെ.പി ശ്രമം -പ്രകാശ് കാരാട്ട്

നേമം: രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ച് ഹിന്ദു വർഗീയത വളർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയൻ പഠന ക്ലാസും ജനറൽ കൗൺസിലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വിലവർധന രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടാക്കിയിരിക്കുകയാണ്. എന്നിട്ടും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. രാജ്യത്തെ തൊഴിലാളി വിഭാഗം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിട്ടും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില വർധിക്കാത്ത സാഹചര്യത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നിട്ടും സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുകയാണെന്നും കാരാട്ട് ആരോപിച്ചു. കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആനാവൂർ നാഗപ്പൻ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി കൺവീനർ ആർ.പി. ശിവജി, അഖിലേന്ത്യ പ്രസിഡൻറ് വിജയരാഘവൻ, ബി.പി. മുരളി, ചന്ദ്രൻ, രതീന്ദ്രൻ, പുത്തൻകട വിജയൻ, ശശാങ്കൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.