മെഡി.കോളജിലെ ഒഴിവുകളിലെ നിയമനങ്ങളിൽ അഴിമതിയെന്നാരോപിച്ച് അഭിമുഖം തടഞ്ഞു

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഒഴിവുകളിൽ പാർട്ടിക്കാരെ കുത്തിക്കയറ്റുന്ന നടപടിക്കെതിരെ യുവമോർച്ചയുടെ ഉപരോധം സംഘടിപ്പിച്ചു. പരീക്ഷകൾ എഴുതി വർഷങ്ങളായി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ തഴഞ്ഞ്​ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും നിയമിക്കുന്നുവെന്നാരോപിച്ചാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നടത്തിയ ഇന്റർവ്യൂ തടഞ്ഞത്. വീണ്ടും ഇന്റർവ്യൂ നടത്താൻ ശ്രമിച്ച അധികൃതരെയും യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് ഇന്റർവ്യൂ നിർത്തിവെച്ചു. വ്യക്തമായ മാർഗനിർദേശം ഇല്ലാതെ ഇന്റർവ്യൂ നടത്താൻ സാധിക്കില്ലെന്ന് ആരോപിച്ച് ഉപരോധം തുടർന്ന യുവമോർച്ച ജില്ല പ്രസിഡന്റ് ആർ. സജിത്ത്, ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, വലിയവിള ആനന്ദ്​, പൂവച്ചൽ ആജി, ചൂണ്ടിക്കൽ ഹരി, രാഹുൽ, മലയിൻകീഴ് വിനോദ്, ആറ്റുകാൽ ശ്യാം, കൈപ്പള്ളി വിഷ്ണു തുടങ്ങിയ നേതാക്കളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് നീക്കി. എന്നാൽ ഗ്രേഡ് 2 ജീവനക്കാരുടെ ഇന്റർവ്യൂ സംബന്ധിച്ച ആരോപണം വസ്തുതവിരുദ്ധമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സാറാവർഗീസ് അറിയിച്ചു. 178 ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2556 ഉദ്യോഗാർഥികളുടെ പട്ടിക അവിടെ നിന്നും ലഭ്യമാക്കിയിരുന്നു. അതുപ്രകാരം ഇന്റർവ്യൂ ബോർഡ് രൂപീകരിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മേയ് 16 മുതൽ ജൂൺ രണ്ടുവരെ ഷെഡ്യൂൾ ചെയ്ത് ഇന്റർവ്യൂ നടന്നുവരുന്നത്. ഇത്രയും സുതാര്യമായി നടന്നുവരുന്ന പ്രവർത്തനത്തിൽ അപാകത ആരോപിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.