കല്ലമ്പലം ജങ്​ഷനിൽ ലൈറ്റുകൾ പ്രവർത്തനരഹിതം പരാതിയുമായി യാത്രക്കാരും വ്യാപാരികളും

കല്ലമ്പലം: കല്ലമ്പലം ജങ്​ഷനിൽ ലൈറ്റുകൾ പ്രവർത്തനരഹിതം, വെളിച്ചക്കുറവ് യാത്രക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു. ജങ്​ഷനിൽ അപകടങ്ങൾ വർധിക്കുന്നതിന് കാരണവും പ്രകാശമില്ലായ്മയാണ്. നേരത്തേ ചെറിയ തെരുവ് വിളക്കുകൾ വ്യാപകമായി ഉണ്ടായിരുന്നു. ജങ്​ഷനിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതോടെ കാലക്രമേണ മറ്റ് തെരുവുവിളക്കുകൾ ഇല്ലാതായി. കുറച്ചുനാൾ ഹൈമാസ്റ്റ് രണ്ടും കത്തിയെങ്കിലും മാസങ്ങളായി ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്. വലിയപട്ടണമായ കല്ലമ്പലത്ത് ആവശ്യത്തിനുള്ള പ്രകാശം ലഭിക്കാൻ രണ്ടു ഹൈമാസ്റ്റ് ലൈറ്റുകൾതന്നെ പോരാത്ത അവസ്ഥയായിരുന്നു. അതിനിടയിലാണ് ഉള്ള ലൈറ്റ് കൂടി പ്രവർത്തനരഹിതമായത്. ജങ്​ഷന്റെ മധ്യഭാഗത്ത് നീളത്തിലുള്ള ഡിവൈഡറിന് പൊക്കം കുറവാണ്. സൂചന ബോർഡുകളുമില്ല. വെളിച്ചം കൂടി ഇല്ലാതായതോടെ വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടത്തിൽപെടുന്നത് പതിവായി. ഈ മേഖലയിൽ കൂടുതലും അപകടങ്ങൾ രാത്രി കാലത്താണ്. കഴിഞ്ഞദിവസം പുലർച്ച നാലിന് കൊല്ലത്തുനിന്ന് വന്ന കാർ ഡിവൈഡറിൽ ഇടിച്ച് എതിർവശത്തെ റോഡിലാണ് ചെന്ന് വീണത്. ഈ സമയം എതിർദിശയിൽനിന്ന് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കാറിന്റെ ടയറുകളും പൊട്ടി. ഒരുമണിക്കൂറോളം ശ്രമപ്പെട്ടാണ് വാഹനം റോഡിൽനിന്ന് മാറ്റിയത്. മിക്ക ദിവസങ്ങളിലും വാഹനം ഡിവൈഡറിൽ കയറി അപകടത്തിൽപെടുന്നുണ്ട്. മുമ്പ്​ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. കൊല്ലം ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ ഡിവൈഡർ കണ്ണിൽപെടാതെ ഇടിച്ചുകയറി വാഹനത്തിന്​ കേടുപാടുകൾ സംഭവിക്കുകയും മറിയുകയുമാണ് ചെയ്യുന്നത്. ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിക്കാതെ ആയതിനുശേഷം അനേകം വാഹനങ്ങളാണ് ഇത്തരത്തിൽ ഡിവൈഡറിൽ ഇടിച്ചുകയറിയത്. പ്രാദേശിക ഭരണകൂടങ്ങളാണ് വഴിവിളക്ക് പ്രവർത്തിപ്പിക്കേണ്ടത്. കല്ലമ്പലം ജങ്​ഷൻ മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ്. മൂന്ന് പഞ്ചായത്തിനും പ്രധാന വരുമാനം ഈ മേഖലയിൽനിന്നാണ്. എന്നാൽ, ഫണ്ട് ചെലവാക്കുന്ന കാര്യത്തിൽ ഈ അതിർത്തി മേഖലയോട് വിവേചനമാണ് കാട്ടുന്നത്. വാഹനയാത്രക്കാരുടെ പരാതികൾ കേൾക്കേണ്ടിവരുന്നത് പൊലീസാണ്. വഴിവിളക്ക് പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ പൊലീസ് നിസ്സഹായരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.