ബെൽഗാമിൽ കാർ അപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാടിന്റെ അന്ത്യാഞ്ജലി

കോവളം: കർണാടക . ബെൽഗാം സിവിൽ ഹോസ്പിറ്റലിൽനിന്ന്​ ദമ്പതികളായ ബിനുരാജയ്യൻ, ഷീന എന്നിവരുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ നവി മുംബൈയിൽനിന്ന്​ വെങ്ങാനൂരിലെ പനങ്ങോട് കിഴക്കേവിള വീട്ടിൽ അവധി ആഘോഷിക്കാൻ വരികവെയാണ് കർണാട ബെൽഗാമിലെ ശങ്കേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മക്കൾ നവീൻ, നിമിഷ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. നവി മുംബൈയിലെ നേറുൽ റെയിൽവേ സ്റ്റേഷന് സമീപം നേറുൽ സെക്ടർ 14യിൽ താമസക്കാരനായ ബിനു സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. വർഷങ്ങളായി അവിടെ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞയാഴ്ച നാട്ടിലെത്തുമെന്ന് ബന്ധുക്കളോട് പറഞ്ഞെങ്കിലും ജോലി തിരക്ക് കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് അപകടം. ചൊവ്വാഴ്ച രാത്രി എട്ടോടെ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് ഷീനയുടെ കുടുംബ വീട്ടിൽ എത്തിച്ച ഇരുവരുടെയും മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്ത്യോപചാരം അർപ്പിച്ചു. ധനുവച്ചപുരം കരിക്കകം സ്വദേശിയായ ബിനു, ഭാര്യാ വീടിന് സമീപമുള്ള പനങ്ങോട് തുലവിള ലൂഥറൻ ചർച്ചിന് സമീപം ഭൂമി വാങ്ങിയിരുന്നു. ആ വസ്തുവിൽ രാത്രിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ അടക്കംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.