തൃശൂർ: ദർശന സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡി.എ.പി.എസ് 3x3 വീൽചെയർ ബാസ്കറ്റ്ബാൾ ടൂർണമെന്റ് തൃശൂരിൽ സംഘടിപ്പിച്ചു. മുണ്ടൂരിലെ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ ഞായറാഴ്ച നടന്ന ടൂർണമെന്‍റിൽ എട്ടോളം ടീമുകളിലായി 37 ഓളം താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
വീൽചെയറിലായിരിക്കുന്ന 40 ഓളം വ്യക്തികൾ രാവിലെ റാലിയോടെ മുഖ്യാതിഥികളെ വരവേറ്റു. തുടർന്ന് റവ. ഫാ. മാത്യു കിരിയാന്തൻ സി.എം.ഐയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദർശന സർവീസ് സൊസൈറ്റി പ്രസിഡന്‍റും ദർശന ക്ലബ് ഡയറക്ടറുമായ റവ. ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സി.എം.ഐ സ്വാഗതം അർപ്പിച്ചു. ലയൺസ് ക്ലബ്ബ് ഗവർണർ ജെയിംസ് വളപ്പില ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോൺ ജോ മുഖ്യാതിഥിയായി. ലയൻസ് ക്ലബ്ബ് മുണ്ടൂർ പ്രസിഡന്‍റ് ജേക്കബ്, റവ. ഫാ. ജോസ് തെക്കേക്കര എന്നിവർ ആശംസ അർപ്പിച്ചു.
തുടർന്ന് നടന്ന ടൂർണമെന്റിൽ നാട്ടുകൂട്ടം പൊന്നാനി, ഹൈ-ഫൈവ് ദർശന, മലബാറി ഗ്യാങ് എന്നീ ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കലാ-കായിക-സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുത്ത സമാപന ചടങ്ങിൽ അധ്യക്ഷ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മാനേജർ റവ. സിസ്റ്റർ ആൻസി പോൾ, ഉദ്ഘാടകൻ സോളമൻ കടമ്പാട്ടുപറമ്പിൽ സി.എം.ഐ, മുഖ്യാതിഥി സീന ടീച്ചർ എന്നിവർ വിജയിച്ച ടീമുകൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും കൈമാറി.
ഭിന്നശേഷിക്കാരുടെ കായികവും കലാപരവും സാംസ്കാരികവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ദർശന സർവീസ് സൊസൈറ്റി ആണ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. ദർശന ക്ലബ്ബ് ഇൻചാർജ്ജും കോച്ചുമായ അജിൽ ജോസഫ്, ഡി.എസ്.എസ് സെക്രട്ടറി ജോസഫ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.