തൃശൂർ: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. പ്രോസിക്യൂഷൻ നടപടി സ്വീകരിക്കേണ്ടത് വില്ലേജ് ഓഫിസറുടെ പദവിയിൽ താഴെയല്ലാത്ത റവന്യൂ ഉദ്യോഗസ്ഥരാണെന്ന് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചിട്ടും തുടർനടപടികളെടുക്കാതെ കലക്ടറുടെ ഓഫിസ് വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.
പൊതുപ്രവർത്തകൻ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഉദ്യോഗസ്ഥതല കെടുകാര്യസ്ഥത വ്യക്തമായത്. തണ്ണീർത്തടം നികത്തുന്നതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് നടപടി കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുന്നംകുളത്ത് താൽക്കാലിക ചുമതലയിലെത്തിയ കൃഷി ഓഫിസർ നൽകിയ അനുമതിയുടെ മറവിൽ പാടശേഖരത്തിൽനിന്ന് ലോഡ് കണക്കിന് മണ്ണ് കടത്തിക്കൊണ്ടുപോയെന്നും പരാതിയുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആറുമാസം മുതൽ മൂന്നുവർഷം വരെ തടവും അമ്പതിനായിരം മുതൽ ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
റിപ്പോർട്ട് നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയാൽ സമാന ശിക്ഷക്ക് ഇവരും അർഹരാണെന്നാണ് നിയമം. അനധികൃത പരിവർത്തന കേസുകളിൽ വില്ലേജ് ഓഫിസർമാർ കോടതിക്ക് റിപ്പോർട്ട് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ഡിസംബറിൽ കലക്ടർ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർനിന്ന് നിയമോപദേശം തേടിയത്.
അതിന് ജനുവരിയിൽ നൽകിയ മറുപടിയിലാണ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ വ്യക്തത വരുത്തിയത്. 2008 മുതൽ ശക്തമായ നിയമമുണ്ടായിട്ടും നിയമലംഘനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാത്തതിനാൽ പിഴയിനത്തിൽ സർക്കാരിന് ലഭിക്കേണ്ട കോടികളാണ് നഷ്ടമായതെന്നും അതിനെതിരെ നടപടി സ്വീകരിക്കാതെ കുറ്റക്കാർക്ക് സൗകര്യമൊരുക്കുകയാണെന്നും ടി.എൻ. മുകുന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.