കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്ന വയോധികയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടത്തേണ്ട വനിത ഡോക്ടർ അതിന് തയാറാകാതെ സമയത്തിന് മുൻപ് സ്ഥലം വിട്ടത് വൻ പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് കേച്ചേരി പുറ്റേക്കരയിൽ നിന്ന് 75 കാരിയായ ഭാരതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.
വൈകിട്ട് നാലിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കി ലഭിച്ചാൽ പോസ്റ്റുമോർട്ടം നടത്താമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ സി.ടി. പ്രിയ ബന്ധുക്കൾക്കും നഗരസഭ കൗൺസിലർമാർക്കും ഉറപ്പു നൽകിയിരുന്നു. എന്നാൽ 3.40 ഓടെ നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് വിട്ടുനൽകിയെങ്കിലും അതിന് മുൻപേ ഡോക്ടർ സ്ഥലം വിട്ടിരുന്നു.
ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ മണികണ്ഠനെ അറിയിച്ചതോടെ ഡോക്ടറെ ഫോണിൽ ബന്ധപ്പെടാൻ ഏറെ നേരം ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇത് ബന്ധുക്കളെയും വിവരമറിഞ്ഞെത്തിയ ഭരണ- പ്രതിപക്ഷ അംഗങ്ങളേയും ക്ഷുഭിതരാക്കി. തുടർന്ന് സൂപ്രണ്ടുമായി നഗരസഭ അംഗങ്ങൾ തർക്കത്തിലായി. വിവരമറിഞ്ഞ് ആശുപത്രിയിൽ ജനങ്ങൾ തടിച്ചു കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഡോക്ടർക്കു നേരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിൽ വനിത ഡോക്ടർ ആശുപത്രിയിൽ തിരിച്ചെത്തി. തുടർന്ന് അവരെ കൊണ്ടു തന്നെ പോസ്റ്റുമോർട്ടം ചെയ്യിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഇത് വെള്ളിയാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിലും ഏറെ ബഹളമാകും. ഇതിന് മുൻപും ഇത്തരം പോസ്റ്റുമാർട്ടം നടപടികൾ ചെയ്യാൻ തയ്യാറാകാതെ ഡോക്ടർമാർ മുങ്ങിയിട്ടുണ്ടെന്നും പരാതികൾ ഉയർന്നിരുന്നതായും നഗരസഭ ഭരണകക്ഷിയംഗമായ സ്ഥിരം സമിതി അധ്യക്ഷൻ സോമശേഖരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.