നന്ദ അനുസിയ
ആമ്പല്ലൂര്‍: മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പട്ടാപ്പകല്‍ 10 പവന്‍ ആഭരണങ്ങള്‍ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍ തെന്‍സങ്കപാളയം സ്വദേശി അനുസിയ (19) എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയോടെ മുപ്ലിയത്തെ വീട്ടിലെത്തിയ പ്രതികള്‍ മുന്‍വശത്തെ ചവിട്ടിക്ക് താഴെ വെച്ചിരുന്ന താക്കോലെടുത്ത് വാതില്‍ തുറന്നാണ് അകത്തുകടന്നത്.
വീടിനകത്ത് കബോര്‍ഡിലിരുന്ന താക്കോലുകൊണ്ട് അലമാര തുറന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങളായി പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ പ്രതികളെക്കുറിച്ച് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മറ്റൊരു കേസിനെത്തുടര്‍ന്ന് പൊലീസിന്റെ പക്കലുണ്ടായിരുന്ന പ്രതികളുടെ ചിത്രം കാണിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. കൊടകര ശാന്തിനഗറില്‍ വാടകക്ക് താമസിക്കുകയായിരുന്ന ഇവര്‍ ആക്രിക്കച്ചവടവും നടത്തിയിരുന്നു. പകല്‍ വീടുകളിലെത്തി സഹായാഭ്യര്‍ഥന നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി.
ആമ്പല്ലൂര്‍: മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് 10 പവന്‍ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ വലയിലാക്കാന്‍ പൊലീസിന് സഹായകമായത് പ്രതികളിലൊരാള്‍ മുമ്പ് നടത്തിയ മോഷണം.
പ്രതികളിലൊരാളായ നന്ദയെ നാലുമാസം മുമ്പ് വരന്തരപ്പിള്ളി സ്റ്റേഷന്‍ പരിധിയിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, അന്ന് കേസില്‍ പരാതിയില്ലാത്തതിനാല്‍ മറ്റുനടപടി കൈക്കൊണ്ടിരുന്നില്ല.
മുപ്ലിയത്തെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സമീപവീടുകളിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതികളുടെ അവ്യക്തചിത്രമാണ് പൊലീസിന് ലഭിച്ചത്. പ്രതികളുടെ ഏകദേശ രൂപം സമീപപ്രദേശെത്ത വീടുകളില്‍ കാണിച്ച് പൊലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് ഇതേ രൂപസാദൃശ്യമുള്ള ആളുകള്‍ കൊടകരയില്‍ താമസിക്കുന്നതായി മനസ്സിലാക്കി.
സി.സി ടി.വിയില്‍നിന്ന് ലഭിച്ച പ്രതികളുടെ ചിത്രത്തിലെ രൂപസാദൃശ്യം വിലയിരുത്തിയ വരന്തരപ്പിള്ളി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ബിനോയ് ഈ ചിത്രത്തിലുള്ള ആളെയാണ് നാലുമാസം മുമ്പ് മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നതെന്ന് തിരിച്ചറിഞ്ഞു.
ലഭിച്ച വിവരങ്ങളില്‍നിന്ന് പൊലീസ് എത്രയും പെട്ടെന്ന് പ്രതികളുടെ കൊടകരയിെല വീട്ടിലെത്തി. വിശദ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നഷ്ടപ്പെട്ട മുഴുവന്‍ സ്വർണാഭരണവും പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു.
മോഷണം നടന്ന് മണിക്കൂറുകള്‍കം പ്രതികളെ കണ്ടെത്തിയതില്‍ വരന്തരപ്പിള്ളി സി.ഐ ജയകൃഷ്ണന്‍, എസ്.ഐ ലാലു, സീനിയര്‍ സി.പി.ഒമാരായ സി.ആര്‍. ബിനോയ്, ടി.സി. ബിജു എന്നിവരടങ്ങിയ സംഘത്തെ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ അഭിനന്ദിച്ചു.
വീട് പൂട്ടി പകൽ വീട്ടുകാര്‍ കുടുംബസമേതം പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. താക്കോല്‍ വീടിന് പുറത്തുള്ള ചവിട്ടിക്കടിയിലാണ് സൂക്ഷിച്ചിരുന്നത്. പ്രതികള്‍ സംഭവസ്ഥലത്ത് സ്ഥിരമായി വീടുകളില്‍ കയറിയിറങ്ങി വീട്ടുപകരണങ്ങളായ കത്തി, വെട്ടുകത്തി മുതലായവ വില്‍ക്കാന്‍ നടന്നിരുെന്നന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.