ചാലക്കുടി: ആശ്രമം കവലയിലെ ക്രോസിങ്ങ് അടച്ചു പൂട്ടിയതിനെ തുടർന്ന് ചാലക്കുടി ദേശീയപാതയിലെ അടിപ്പാതയിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവായി. വാഹനങ്ങൾ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്. തിരക്ക് കുറവെന്ന് കരുതുന്ന ഉച്ചസമയത്തുപോലും അടിപ്പാതയും അനുബന്ധ സർവിസ് റോഡുകളും വാഹനങ്ങളെക്കൊണ്ട് നിറയുകയാണ്.
ട്രാംവെ ജങ്ഷൻ മുതൽ റയിൽവേ സ്റ്റേഷൻ റോഡ് വരെ വാഹനങ്ങൾ നേരെ കടന്നു പോകുമ്പോൾ കുരുക്ക് ഉണ്ടായിരുന്നില്ല. എന്നാൽ അടിപ്പാത നിർമാണത്തിലെ അപാകത മൂലം വലിയ വാഹനങ്ങൾ സർവിസ് റോഡുകളിലേക്ക് തിരിഞ്ഞു പോകുമ്പോഴാണ് പ്രധാനമായും കുരുക്ക് ഉണ്ടാകുന്നത്. മുമ്പ് പോട്ട ആശ്രമം സിഗ്നൽ കവലയിൽ റോഡ് ക്രോസ് ചെയ്തിരുന്ന വലിയ വാഹനങ്ങൾ മുഴുവനും ആ ഭാഗത്തേക്ക് ഇപ്പോൾ പോകുന്നത് അടിപ്പാതയിലൂടെ തിരിഞ്ഞ് ക്രസൻ്റ് സ്കൂളിന് മുന്നിലൂടെയാണ്.
എന്തിനധികം മുകളിൽ ദേശീയ പാതയിലൂടെ കടന്നു പോകേണ്ട ടോറസ് ലോറികളടക്കം ഇപ്പോൾ ഇതുവഴി കടന്നു വന്ന് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പോട്ട ആശ്രമം കവലയിൽ ഒരു പ്രവേശനമാർഗം ഉണ്ടായിരുന്നെങ്കിൽ ദേശീയ പാതയിൽ നിന്നും പറമ്പി റോഡിലേക്ക് വലിയ വാഹനങ്ങൾക്ക് തിരിഞ്ഞുപോകാമായിരുന്നു.
അപകടങ്ങൾ തടയാൻ ദേശീയ പാതയുടെ ഡിവൈഡർ നീട്ടി നടുവിൽ മാത്രം റോഡ് തടസപ്പെടുത്തിയാൽ മതിയായിരുന്നു. ഇതുവഴി മുറിച്ചു കടന്ന് പോയിരുന്ന വാഹനങ്ങൾ പോട്ട ജങ്ഷൻ വഴി കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞ് വരേണ്ട അവസ്ഥയുണ്ട്. ചുറ്റിത്തിരിയൽ ഒഴിവാക്കി എല്ലാ വാഹനങ്ങളും ഇപ്പോൾ അവിടേക്ക് അടിപ്പാതയിലൂടെ തിരിഞ്ഞ് വരുന്നതാണ് ഗുരുതര കുരുക്കിന് വഴിയൊരുക്കുന്നത്. അടിപ്പാത കേന്ദ്രമാക്കി ഗതാഗത സംവിധാനത്തിൽ കാര്യമായ പരിഷ്കരണം അധികാരികൾ ആലോചിക്കേണ്ടതുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഒരു ഇടക്കാലത്ത് ഗതാഗതക്കുരുക്കിന് പരിഹാരമായ അടിപ്പാതയെ ഇപ്പോൾ യാത്രക്കാർ ഭീതിയോടെയാണ് കാണുന്നത്. അടിപ്പാത ഉപേക്ഷിച്ച് മെയിൻ റോഡിലൂടെ വാഹനങ്ങൾ കൊണ്ടു പോകുന്നത് നോർത്ത് ജങ്ഷനിൽ പഴയ കുരുക്കുകൾ വീണ്ടും രൂപം കൊള്ളാൻ കാരണമായേക്കും. അടിപ്പാതയിൽ ഗതാഗതം നിയന്ത്രിക്കാൻ പലപ്പോഴും ആരുമില്ലാത്ത അവസ്ഥയുണ്ട്. രണ്ട് ട്രാഫിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യമാണ് അടിയന്തിരമായി വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.