ചാലിശേരി കുന്നത്തേരി ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക വായനശാല
പെരുമ്പിലാവ്: കാൽ നൂറ്റാണ്ട് മുമ്പ് ടി.പി. ഉണ്ണികൃഷ്ണൻ അക്ഷരലോകത്തേക്ക് വാതിൽ തുറന്ന വായനശാല ഇന്ന് ടി.പിയുടെ സ്മാരകമായിട്ടും തനിമ നിലനിർത്തി അറിവിന്റെ വെളിച്ചം പകരുകയാണ്. ചാലിശേരി കുന്നത്തേരി ദേശത്തെ പൗർണമി വായനശാലയാണ് അക്ഷരകേന്ദ്രമായി തുടരുന്നത്. സമൂഹത്തെ സാംസ്കാരിക നിലവാരത്തിലേക്ക് ഉയർത്താൻ ടി.പി സ്വന്തമായി വാങ്ങി നൽകിയ ഭൂമിയിൽ, 2000ൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് സാംസ്കാരിക നിലയം നിർമിക്കുകയായിരുന്നു.
ഈ സാംസ്കാരിക നിലയത്തിലാണ് പൗർണമി വായനശാലക്ക് തുടക്കമിട്ടത്. ഇതോടൊപ്പം പൗർണമി കലാസമിതി, അംബേദ്കർ വെൽഫെയർ കമ്മിറ്റി, വിവിധ കുടുംബശ്രീ യൂനിറ്റുകൾ, കുന്നത്തേരി പൂരാഘോഷ കമ്മിറ്റി എന്നിവയുടെയും പ്രവർത്തന ഇടമായി മാറി. വർഷങ്ങൾ പിന്നിട്ടപ്പോൾ പൗർണമി സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനത്തിന് തുടക്കമിട്ടു. ഇതോടെ പ്രദേശത്തെ 20ലധികം പേർക്ക് സർക്കാർ സർവിസിൽ പ്രവേശിക്കാനായി.
സ്ഥാപകൻ മരണപ്പെട്ടതോടെ ജൂബിലി നിറവിൽ ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക പൗർണമി വായനശാലയാക്കി നാട്ടുകാർ മാറ്റി. ഈ ലൈബ്രറിയിൽ 150ൽപരം മെംബർമാരും 3520ലധികം പുസ്തകങ്ങളും ഉണ്ട്. പഞ്ചായത്തിലെ ആദ്യ വായനാശാല കൂടിയാണിത്. 2026 ജനുവരി 30ന് രജത ജൂബിലി സമാപനം വിപുലമായി നടത്താനുള്ള ഒരുക്കത്തിലാണെന്ന് വായനശാല പ്രസിഡൻറ് കെ.കെ. ദാസൻ, സെക്രട്ടറി കെ.കെ. പ്രഭാകരൻ എന്നിവർ വ്യക്തമാക്കി. വായനദിനാഘോഷം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് എഴുത്തുകാരി രതി ചാലിശേരി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.