ഷാഹിദ്, റിഷാദ്, അൻഷാദ്
എരുമപ്പെട്ടി: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തിലെ മൂന്നുപേർ പിടിയിൽ. അക്കിക്കാവ് സ്വദേശികളായ തട്ടാരംകുന്നത്ത് വീട്ടിൽ ഷാഹിദ് (24), പ്ലാക്കൽ വീട്ടിൽ റിഷാദ് (22), ആന്ത്പറമ്പിൽ വീട്ടിൽ അൻഷാദ് (25) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷൻ എസ്.ഐമാരായ ടി.സി. അനുരാജ്, ജയകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതികൾ പിടിയിലായതറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി.
എരുമപ്പെട്ടി കരിയന്നൂരിലെ കലുങ്ക് പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് നാട്ടുകാർ നിരീക്ഷണം നടത്തിവരുകയായിരുന്നു. ഞായറാഴ്ച പുലർച്ച ടാങ്കർ ലോറിയിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും സംഘം കടന്നുകളഞ്ഞു.
അമിത വേഗത്തിൽ പോയ ടാങ്കർ ലോറിയെ നാട്ടുകാർ കാറിൽ പിന്തുടർന്നെങ്കിലും മാലിന്യ വാഹനത്തിന് എസ്കോർട്ട് പോകുന്ന സംഘം ബൈക്കിലെത്തി കാറ് തടഞ്ഞു. ടാങ്കറിലുണ്ടായിരുന്നവർ മുഖം മറച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, ടാങ്കർ ലോറിയുടെയും ബൈക്കിന്റെയും നമ്പർ നാട്ടുകാർ പൊലീസിന് നൽകിയിരുന്നു. ഇതിൽ ടാങ്കർ ലോറിയുടെ നമ്പർ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രതികൾക്ക് സ്റ്റേഷനിൽനിന്ന് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.