തൃശൂർ: 25 നോമ്പ് പൂർത്തിയാക്കി ക്രൈസ്തവർ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ നാടാകെ ആഘോഷ ലഹരിയിലായിരുന്നു. ദേവാലയങ്ങളിൽ തിരുപ്പിറവി പ്രത്യേക പാതിരാകുർബാനക്ക് നിരവധി വിശ്വാസികൾ പങ്കെടുത്തു. തൃശൂർ ലൂർദ് കത്തീഡ്രലിൽ കുർബാനക്കും തിരുപിറവി ശുശ്രൂഷക്കും ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു.
ത്യശൂർ വ്യാകുല മാത ബസിലിക്കയിൽ നടന്ന തിരുകർമങ്ങൾക്ക് മാർ ടോണി നീലങ്കാവിലും തൃശുർ മാർത്ത്മറിയം വലിയ പള്ളിയിൽ നടക്കുന്ന തിരുകർമങ്ങൾ മാർ ഔഗിൻ കുരിയാക്കോസും ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരു കർമങ്ങൾക്ക് മാർ പോളികണ്ണൂക്കാടനും കോട്ടപ്പുറം സെൻറ്മൈക്കിൾ കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന കർമങ്ങൾക്ക് ബിഷപ് ഡോ. ജോസഫ് കാക്കശ്ശേരിയും മുഖ്യ കാർമികത്വം വഹിച്ചു. തൃശൂരിൽ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ ആഘോഷം നടക്കുന്നതിനാൽ രാത്രിയിൽ സന്ദർശക തിരക്കുമേറിയിരുന്നു.
വിവിധ നൃത്ത കലാപരിപാടികളടക്കമുള്ളവ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. തൃശൂരിന്റെ ക്രിസ്മസ് ആഘോഷമായ ബോൺ നത്താലെ ചൊവ്വാഴ്ചയാണ്. പതിനായിരത്തിലധികം ക്രിസ്മസ് പാപ്പമാർ സംഗീതത്തിനൊപ്പം നൃത്തം ചെയ്യും. ഘോഷയാത്രയിൽ മാലാഖമാർ, സ്കേറ്റിങ് പാപ്പമാർ, ബൈക്ക് പാപ്പമാർ, വീൽചെയർ പാപ്പമാർ നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരക്കും. വൈകീട്ട് അഞ്ചിന് തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി സെന്റ് തോമസ് കോളജിൽത്തന്നെ സമാപിക്കും. മുന്നൂറോളം യുവാക്കൾ ചേർന്ന് ഒരുക്കുന്ന ചലിക്കുന്ന ക്രിസ്മസ് കൂടാണ് ഇത്തവണത്തെ പ്രത്യേകത.
തൃശൂർ: ബോൺ നത്താലെ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമുതൽ രാത്രി 9.30 വരെയാണ് നഗരത്തിൽ ഭാഗിക ഗതാഗത നിയന്ത്രണവും സ്വരാജ് റൗണ്ടിൽ പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിരിക്കുന്നത്.
സ്വരാജ് റൗണ്ടിൽ രാവിലെ അഞ്ചുമുതൽ പരിപാടി അവസാനിക്കുന്നതുവരെ ഒരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. വാഹനങ്ങൾ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക്കിന് സമീപമുള്ള കോർപറേഷൻ പാർക്കിങ്ങ് ഗ്രൗണ്ട്, പളളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.