തൃശൂർ: കാത്തിരുന്ന പ്രൗഢിയുടെ പൂരമെത്തി. പൂരത്തിലേക്ക് നടക്കുകയാണ് തൃശൂർ. സർക്കാർ തലത്തിലും ദേവസ്വങ്ങളുടെയും തട്ടകങ്ങളിലും പൂരം ഒരുക്കങ്ങളുടെ അവസാന പ്രവൃത്തികളിലാണ്.
കോവിഡ് കഴിഞ്ഞുള്ള ആദ്യപൂരമായ കഴിഞ്ഞ വർഷം പ്രതീക്ഷയിൽ കവിഞ്ഞ ആളുകളെത്തിയിരുന്നു. അവധിദിവസം ആയതിനാൽ ഇത്തവണ പൂരത്തിനെത്തുന്നവരുടെ എണ്ണം റെക്കോഡ് ഭേദിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനനുസരിച്ച ക്രമീകരണങ്ങളിലാണ് സർക്കാറും ദേവസ്വങ്ങളും.
പൂരം പ്രദർശന നഗരിയുടെ തറവാടക വിവാദവുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രശ്ന പരിഹാരമായിട്ടില്ലെങ്കിലും പൂരം ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല. പ്രദർശനം തുടങ്ങി. ഹൈകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കോടതി വിധിക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ആലോചന. സർക്കാർതലത്തിൽ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുമെന്ന് ദേവസ്വം മന്ത്രി ദേവസ്വങ്ങളെ അറിയിച്ചിട്ടുണ്ട്.
കലക്ടറായി ചുമതലയേറ്റ വി.ആർ. കൃഷ്ണതേജയുടെ ആദ്യ പൂരം കൂടിയാണ് ഇത്തവണത്തേത്. ദേവസ്വങ്ങളും ഉദ്യോഗസ്ഥരുമായി രണ്ട് തവണ യോഗം ചേർന്നു. വെടിക്കെട്ടിന് പെസോ നിർദേശമനുസരിച്ച് സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കാനാവാത്തത് നീക്കി എല്ലാവർക്കും കാണാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്. ഞായറാഴ്ച കലക്ടർ വിളിച്ച യോഗത്തിൽ പങ്കെടുത്ത പെസോ ഉദ്യോഗസ്ഥർക്ക് മുന്നിൽ ദേവസ്വങ്ങൾ ആവശ്യം ആവർത്തിച്ചു. ഏപ്രിൽ 30ന് ഞായറാഴ്ചയാണ് പൂരം. മേയ് ഒന്നിനാണ് ഉപചാരം ചൊല്ലൽ.
സ്വരാജ് റൗണ്ടിലെ പൂരപ്പന്തലുകളും ഉയരാൻ തുടങ്ങുകയാണ്. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ ഒരുക്കുന്ന പന്തലിന്റെ കാൽനാട്ട് 12ന് രാവിലെ 10ന് നടക്കും. തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാൽനാട്ട് 16ന് രാവിലെ 10.30ന് നടുവിലാലിലും 11ന് നായ്ക്കനാലിലും നടക്കും. പന്തലുകൾ ഉയരുന്നതോടെ തൃശൂർ പൂരത്തിരക്കിലേക്ക് കടക്കും.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിമരുന്ന് അരക്കൽ മുണ്ടത്തിക്കോട് സജിയുടെ പണിസ്ഥലത്ത് തുടങ്ങി. ഈ മാസം 24നാണ് പൂരം കൊടിയേറ്റ്. 28ന് ചമയപ്രദർശനം ആരംഭിക്കും. അന്ന് വൈകീട്ടാണ് സാമ്പിൾ വെടിക്കെട്ട്. 30ന് രാവിലെ തിരുവമ്പാടിയുടെ മഠത്തിൽവരവും 12ന് പാറമേക്കാവിന്റെ പുറപ്പാടും രണ്ടിന് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിലുള്ള ഇലഞ്ഞിത്തറ മേളവും നടക്കും. വൈകീട്ട് അഞ്ചിന് തെക്കോട്ടിറക്കവും കുടമാറ്റവും ഒന്നിന് പുലർച്ച മൂന്നിന് പ്രധാന വെടിക്കെട്ടും നടക്കും. അന്ന് 12ന് ഉപചാരം ചൊല്ലി പൂരം പിരിയും.
യോഗങ്ങൾ തുടങ്ങി
തൃശൂർ: ഞായറാഴ്ച മന്ത്രി കെ. രാജന്റെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗം ചേർന്നു. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ച. കലക്ടർ വി.ആർ. കൃഷ്ണതേജ, കമീഷണർ അങ്കിത് അശോകൻ, പെസോ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വെടിക്കെട്ട് കാണുന്നതിന് ആളുകൾക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ലാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത്തവണ നിർദേശങ്ങളിൽ ഇളവ് വരുത്തുന്നതടക്കമുള്ളവയിൽ സർക്കാർ ഇടപെടലുണ്ടാവുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പെസോ ഉദ്യോഗസ്ഥരുമായി വിഷയത്തിൽ പ്രാഥമിക ചർച്ച നടത്തിയെങ്കിലും സ്ഥലപരിശോധനക്ക് ശേഷം ഇക്കാര്യം പരിശോധിക്കാമെന്ന ധാരണയിൽ മാറ്റി. അടുത്ത ദിവസം കൊച്ചിൻ ദേവസ്വം ബോർഡ്, ദേവസ്വം, കോർപറേഷൻ പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന മന്ത്രിതല യോഗം നടക്കും. പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളും തുടങ്ങി.
പൂരത്തിന് മുമ്പ് പാത പൂർത്തിയാക്കിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് കോർപറേഷൻ കരാർ കമ്പനിക്ക് മുന്നറിയിപ്പ് നൽകി
തൃശൂർ: തൃശൂർ നഗരം കാത്തിരിക്കുന്ന ശക്തൻ നഗറിലെ ആകാശപ്പാതയിലൂടെയുള്ള സഞ്ചാരം ഒടുവിൽ യാഥാർഥ്യമാകുന്നു. ഈ മാസം അവസാനത്തോടെ പൂരത്തിന് മുമ്പ് ആകാശപ്പാത നാടിന് സമർപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോർപറേഷൻ. 2019 നവംബറിൽ തറക്കല്ലിട്ട് 2020 മാർച്ചിലായിരുന്നു പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നത്. വെയിലും മഴയുമേൽക്കാതിരിക്കാൻ ആകാശപ്പാതയുടെ മേൽക്കൂരയിൽ ഷീറ്റ് വിരിക്കൽ, നടപ്പാതയിൽ ടൈൽ വിരിക്കൽ, ചവിട്ടുപടികളിലും ആകാശപ്പാതക്കുള്ളിലും ഹാൻഡ്റെയിൽ സ്ഥാപിക്കൽ തുടങ്ങി അവസാന പണികൾ പുരോഗമിക്കുകയാണ്.
നാല് ലിഫ്റ്റുകളാണ് ആകാശപ്പാതക്കായി സ്ഥാപിക്കുന്നത്. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ഈ ആഴ്ചയിൽതന്നെ അടുത്ത രണ്ടെണ്ണവും പൂർത്തിയാവുമെന്നാണ് അധികൃതർ പറയുന്നത്. മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കാൻ ജനുവരിയിൽ നിർദേശിച്ചിരുെന്നങ്കിലും കഴിഞ്ഞില്ല. പൂരത്തിന് മുമ്പ് പാത തുറന്നു കൊടുക്കണമെന്നും അതിന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് കോർപറേഷൻ കരാർ കമ്പനിക്ക് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് രാപകൽ ഭേദമില്ലാതെയുള്ള തിരക്കിട്ട പ്രവൃത്തിയാണ് നടക്കുന്നത്. മൂന്ന് മീറ്റർ വീതിയിൽ 279.49 മീറ്ററാണ് ആകാശപ്പാത. 5.30 കോടിയാണ് െചലവ്. രാജ്യത്തുതന്നെ ഇരുമ്പിൽ തീർത്ത ഏറ്റവും വലിയ പാലമാകും തൃശൂരിലെ ആകാശപ്പാത എന്നാണ് നിർമാണക്കമ്പനിയുടെ കണക്കുകൂട്ടൽ. പാതയിൽ നിശ്ചിത അകലത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ളതാണ് പദ്ധതി. പാതയിലേക്ക് കയറാൻ ശക്തൻ സ്റ്റാൻഡ്, മത്സ്യമാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്ന് 40 പടികളുള്ള കോണി സജ്ജീകരിച്ചിട്ടുണ്ട്. ആകാശപ്പാത യാഥാർഥ്യമാകുന്നതോടെ ഇവിടെ ജങ്ഷൻ ക്രോസുകളിലെ തിരക്ക് കുറക്കാനും അപകടങ്ങളില്ലാതാക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.