തൃശൂർ പൂരത്തോടനുബന്ധിച്ച് നിർമിക്കുന്ന പന്തലിനു മുകളിൽ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ
തൃശൂർ: പൂരങ്ങളിൽ പ്രമാണിയായ തൃശൂർ പൂരത്തിന് ബുധനാഴ്ച കൊടിയേറും. പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും വിവിധ സമയങ്ങളിലായി കൊടിയേറുന്നതോടെ ഇനിയുള്ള നാളുകൾ തൃശൂർ നഗരവും പരിസരവും പൂരലഹരിയിലേക്കടുക്കും.
മേയ് ആറിന് തുടങ്ങി ഏഴിന് അവസാനിക്കുന്ന 30 മണിക്കൂറുകളിലാണ് തൃശൂർ പൂരത്തിലലിയുക. ഘടക ക്ഷേത്രമായ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യ കൊടിയേറ്റം -രാവിലെ എട്ടിനും 8.30 നും ഇടയിൽ. അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ 11നും 11.30നും ഇടയിലാണ്. മറ്റ് ആറ് ഘടക ക്ഷേത്രങ്ങളിൽ വൈകീട്ടോടെയാണ് കൊടിയേറ്റം.
പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ കൊടിയേറ്റ ചടങ്ങ് തുടങ്ങും.സിംഹ രൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഉയർത്തുക. ഉച്ചക്ക് 12ന് വലിയപാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. 12.30നാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരം ഒരുക്കും.വലിയപാണിക്ക് ശേഷം തട്ടകക്കാരാണ് കൊടിമരം ഉയർത്തുക. തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയർത്തും.
അതിന് ശേഷം അഞ്ച് ആനകളോടെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പാണ്. മണികണ്ഠനാലിൽ കൊടി ഉയർത്തലും ചന്ദ്രപുഷ്കരണിയിൽ ആറാട്ടും വെടിക്കെട്ടുമുണ്ട്. വൈകീട്ട് ദീപാരാധനക്ക് ശേഷം നവകം, നിവേദ്യം, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയാണ് കൊടിയേറ്റ ദിവസത്തെ ചടങ്ങുകൾ.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും മധ്യേയാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ താഴത്തുപുരക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറും.
കൊടിമരത്തിൽ ചാർത്തിയ ശേഷം ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല, മഞ്ഞ നിറങ്ങളിലുള്ള പതാകകളാണ് ഉയർത്തുക. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഭഗവതിയുടെ പൂരം പുറപ്പാട്.
തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. തുടർന്ന് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കി പൂജ കഴിഞ്ഞ് ആറാട്ടിന് ശേഷം അഞ്ച് മണിയോടെ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.