തൃശൂർ: പൂരം കഴിഞ്ഞ് മാസം പിന്നിടുമ്പോഴേക്കും അടുത്ത ആഘോഷത്തിന് പൂരനാട് ഒരുങ്ങി. തൃശൂരിന്റെ സ്വന്തം പുലിക്കളി മഹോത്സവത്തിന്റെ അണിയറ ഒരുക്കം തട്ടകങ്ങളിൽ തുടങ്ങി. സെപ്റ്റംബർ ഒന്നിനാണ് ഈ വർഷത്തെ പുലിക്കളി. 11 വർഷത്തെ ഇടവേളക്കുശേഷം പൂങ്കുന്നം സീതാറാംമിൽ ദേശം ഇത്തവണ പുലിക്കളി സംഘവുമായി എത്തുന്നുണ്ട്.
കോവിഡ് കാലത്ത് നാടാകെ അടച്ചിട്ടപ്പോൾ പുലിക്കളിയെ ഓൺലൈനിൽ ആസ്വാദകരിലേക്കെത്തിച്ച അയ്യന്തോൾ ദേശവും ഒരുക്കങ്ങളിലേക്ക് കടന്നു. സ്വാഗതസംഘം ഓഫിസ് (അപ്പൻ തമ്പുരാൻ പഴയ വായനശാല) വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു. ദേശം സമിതി പ്രസിഡന്റ് റോബ്സൺ പോൾ അധ്യക്ഷത വഹിച്ചു.
കോർപറേഷൻ കൗൺസിലർ എൻ. പ്രസാദ് മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരികളായ ബാബുരാജ്, ലാൽ അച്ചൂസ്, ജയചന്ദ്രൻ, റിട്ട. ഡിവൈ.എസ്.പിയും സാന്ത്വനഹസ്തം ട്രസ്റ്റ് സെക്രട്ടറിയുമായ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. സേവനപ്രവർത്തനങ്ങൾ മുഖമുദ്രയാക്കി ഓണാഘോഷവും പുലിക്കളിയും ഗംഭീരമായി സംഘടിപ്പിക്കാൻ അയ്യന്തോൾ ദേശം കൂട്ടായ്മ തീരുമാനിച്ചു. ഷാജീഗോവിന്ദ് സ്വാഗതവും ട്രഷറർ ജോമോൻ നന്ദിയും പറഞ്ഞു.
ആദ്യകാലങ്ങളിൽ 15 ടീമുകൾ വരെ ഉണ്ടായിരുന്ന പുലിക്കളിക്ക് ഇപ്പോൾ പത്തിൽ താഴെയാണ് ടീമുകൾ. സാമ്പത്തിക പ്രതിസന്ധിയാണ് പിന്നോട്ട് വലിച്ചത്. അമ്പത് പുലികളും മേളവും രണ്ട് നിശ്ചല ദൃശ്യങ്ങളുമൊക്കെയായി പത്ത് ലക്ഷത്തോളം ടീമിന് ചെലവുവരുന്നുണ്ട്.
പലരും വായ്പയെടുത്തും പിരിവെടുത്തുമൊക്കെ ആവേശത്തിൽ പങ്കുചേരുകയാണ്. കോർപറേഷൻ നിയന്ത്രണത്തിലാണ് ഇപ്പോൾ പുലിക്കളി. ടൂറിസം വകുപ്പ് സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും കോർപറേഷൻ പ്രഖ്യാപിക്കുന്ന തുക മാത്രമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.