അംഗീകാരം ലഭിച്ച സ്റ്റാർട്ടപ്പ് ആശയത്തിന് പിന്നിലെ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ
തൃശൂർ: കൂട്ടുകാരുമായി സൊറ പറഞ്ഞും സീറ്റ് തെരഞ്ഞെടുത്തുമൊക്കെ ഓൺലൈൻ ക്ലാസ് റൂമിൽ ഇരുന്നാലോ. അത്തരത്തിൽ വിർച്വൽ ക്ലാസ് റൂം അനുഭവം സോഫ്റ്റ്വെയറിലൂടെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തൃശൂർ എൻജിനീയറിങ് കോളജ് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ നിരഞ്ജൻ, അനി കെയ്ത്, ഗോകുൽ, ഗൗതം എന്നിവർ. ഇവരുടെ ഈ സ്റ്റാർട്ടപ്പ് ആശയത്തിന് രാജ്യാന്തര അംഗീകാരവും ലഭിച്ചു.
പാലക്കാട് ഐ.ഐ.ടിയിലെ ടെക്നിക്കൽ ഇന്നവേഷൻ ഫൗണ്ടേഷൻ രാജ്യാന്തര തലത്തിൽ സംഘടിപ്പിച്ച 'കോവാക്തോൺ' മത്സരത്തിലാണ് തൃശൂർ എൻജിനീയറിങ് കോളജ് വിദ്യാർഥികളായ ഇവർ നാലാമതെത്തിയത്. മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തിയവരുടെ ആശയങ്ങൾ യാഥാർഥ്യമാക്കാൻ സംഘാടകർ സാങ്കേതിക-സാമ്പത്തിക സഹായം ലഭ്യമാക്കും. കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റിയുടെയും കെ.എസ്.യു.എമ്മിെൻറയും സഹകരണത്തോടെയായിരുന്നു പരിപാടി. ക്ലാസ്റൂം 2.0 എന്ന പേരിൽ ക്രമീകരിക്കപ്പെട്ട ക്ലാസ് റൂമിൽ നമുക്ക് ഇഷ്ടപ്പെട്ട സുഹൃത്തുക്കളുടെ ഇടയിൽ സീറ്റ് കണ്ടെത്താനാകും. അടുത്തിരിക്കുന്നവരുമായി നിശ്ചിത സമയം വർത്തമാനം പറയാനും സൗകര്യമുണ്ട്.
അതിൽ കൂടുതൽ സംസാരിച്ചാൽ അധ്യാപകന് റിപ്പോർട്ട് പോകും. അധ്യാപകർക്ക് കുട്ടികളുടെ സ്ക്രീൻ ലോക്ക് ചെയ്യാനാകും. കുട്ടികളെ തെരഞ്ഞെടുത്ത് നേരത്തെ തയാറാക്കിയ ചോദ്യങ്ങൾ ചോദിക്കാനും സജ്ജീകരണമുണ്ട്. രണ്ട് മാസത്തിനുള്ളിൽ ആശയം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.