തൃശൂർ: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. പൊലീസുകാർ വിശ്രമമില്ലാതെ ജോലിയെടുത്ത് കടുത്ത മാനസിക സമ്മർദം നേരിടുകയാണ്. ഇതിനിടയിലാണ് മേലുദ്യോഗസ്ഥരുടെ പീഡനവും. റിക്രൂട്ട്മെന്റ് നടക്കാത്തതാണ് സ്റ്റേഷനുകളിലെ ആളില്ലായ്മക്ക് പ്രധാന കാരണം.
ക്യാമ്പിൽനിന്ന് പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് നിയോഗിക്കണമെങ്കിൽ ക്യാമ്പിലേക്ക് റിക്രൂട്ട്മെന്റ് നടക്കണം. ക്യാമ്പിൽനിന്ന് ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറ്റണമെങ്കിൽ ഇവരുടെ ശമ്പള സ്കെയിലിൽ അടക്കം മാറ്റം വരുത്തി ഉത്തരവിറങ്ങണം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇതെല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ്.
തൃശൂർ, പാലക്കാട് ജില്ലകൾക്കുവേണ്ടി നിലവിലുള്ള 294 പൊലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് പി.എസ്.സി അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. ഇരു ജില്ലകൾക്കും വേണ്ടി നിലനിൽക്കുന്ന കേരള ആംഡ് പൊലീസ് രണ്ടാം ബറ്റാലിയനിലെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കാണ് ഇത്രയും നിയമന ഉത്തരവ് നൽകിയത്. ഭൂരിപക്ഷം ഒഴിവുകളും അധിക ജോലിഭാരം നേരിടുന്ന തൃശൂർ ജില്ലയിലായിരിക്കെ, ഇപ്പോൾ അയച്ച നിയമന ഉത്തരവുകൾ തൃശൂരിന് ഒരു ഗുണവും ചെയ്യില്ലെന്ന് പരാതിയുണ്ട്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നാണ് തൃശൂർ. തൃശൂർ, കുന്നംകുളം, ഗുരുവായൂർ, ഒല്ലൂർ അടക്കമുള്ളവ സംസ്ഥാനത്തുതന്നെ കേസുകൾ കൂടുതലുള്ള സ്റ്റേഷനുകളിൽപ്പെട്ടതാണ്. ആവശ്യത്തിന് പൊലീസുകാരില്ലാതെ ഈ സ്റ്റേഷനുകളിലെ പ്രവർത്തനം ഏന്തി വലിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ സി.ഐ അനന്തകൃഷ്ണനുനേരെ സിവിൽ പൊലീസ് ഓഫിസർ കൈയേറ്റത്തിന് ശ്രമിച്ചത്. അമിത ജോലിഭാരവും സമ്മർദവുമാണ് പിന്നിൽ. അവധി ചോദിച്ചിട്ടും നൽകാതിരുന്നതാണ് പ്രശ്നമായത്.
കടുത്ത മാനസിക സമ്മർദത്തിലാണ് പൊലീസുകാർ. ജില്ലയിൽ ഡ്യൂട്ടി ഭാരം കൂടുതലുള്ളതിനാൽ ഇവിടേക്ക് വരാൻ ആരും തയാറാവുന്നില്ലത്രെ. പകരം താൽക്കാലികമായി നൽകുന്ന ബറ്റാലിയൻ പൊലീസിന് സ്റ്റേഷൻ ചുമതലകൾ നിർവഹിക്കാൻ സാധിക്കുന്നില്ല. ഇതോടെ ഉള്ള സിവിൽ പൊലീസ് ഓഫിസർമാരുടെ ജോലിഭാരം ഇരട്ടിയാവുന്നു.
കോടതി ചുമതലകൾ, കേസന്വേഷണം എന്നിവയെയെല്ലാം ജീവനക്കാരില്ലാത്തത് ബാധിക്കുന്നുണ്ട്. കൂടാതെ വിവിധ എസ്കോർട്ടുകൾക്കും സിവിൽ പൊലീസ് ഓഫിസർമാരെ ആവശ്യമുണ്ട്. തൃശൂരിന് മാത്രമായി ഫീഡർ ബറ്റാലിയൻ അനുവദിക്കാതെ പ്രശ്നത്തിന് പരിഹാരമുണ്ടാവില്ലെന്നാണ് പറയുന്നത്.
ഇതോടൊപ്പം ഇന്ധനമില്ലാതെ പൊലീസ് വാഹനങ്ങളിൽ പലതും കട്ടപ്പുറത്താണ്. ലക്ഷങ്ങളാണ് പല പമ്പുകൾക്കും കുടിശ്ശികയുള്ളത്. കൈയിൽനിന്ന് പൈസയെടുത്താണ് ഓഫിസിലെ പേപ്പർ പോലും വാങ്ങുന്നതെന്ന ‘രഹസ്യ’വും ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.