മിനുട്സ് കിട്ടാക്കനി; അവസാന കൗൺസിലും ‘അലങ്കോലം’

തൃശൂർ: കഴിഞ്ഞ 12ഓളം കൗൺസിൽ യോഗങ്ങളുടെ മിനുട്സ് ലഭിക്കാത്തതിലെ പ്രതിപക്ഷ പ്രതിഷേധവും കൗൺസിൽ തീരുമാനമില്ലാതെ നികുതി വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ‘കള്ള മിനുട്സ്’ ഉണ്ടാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷം നടത്തളത്തിൽ ഇറങ്ങിയതോടെ തൃശൂർ കോർപറേഷന്റെ അവസാന കൗൺസിൽ യോഗത്തിന് അലങ്കോല തിരശ്ശീല.

പ്രതിപക്ഷ അംഗങ്ങൾ അജണ്ടകൾ കീറിയെറിഞ്ഞ് മേയറുടെ ഡയസിന് മുന്നിൽ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തതോടെ യോഗം ആരംഭിക്കുന്നതിന് മുമ്പുതന്നെ മേയർ എം.കെ. വർഗീസ് യോഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി.

രാവിലെ 10.15ന് അനുശോചന പ്രമേയത്തിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൗൺസിൽ യോഗം കഴിഞ്ഞ് 48 മണിക്കൂറിനകം മിനുട്സ് നൽകണമെന്ന ചട്ടം പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ രംഗത്തെത്തി. കഴിഞ്ഞ 12 കൗൺസിൽ യോഗങ്ങളുടെ മിനുട്സ് മേശപ്പുറത്ത് വെക്കാതെ യോഗം ചേരാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ അവഗണിച്ചു മേയർ എം.കെ. വർഗീസ് അജണ്ട വായിക്കാൻ ഉദ്യോഗസ്ഥക്ക് നിർദേശം നൽകിയതോടെ പ്രതിഷേധത്തിന് തുടക്കമായി.

രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ മേയറെ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു, തുടർന്ന് ബി.ജെ.പി കൗൺസിലർമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ചും അജണ്ട കീറിയെറിഞ്ഞും പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം കനപ്പിച്ചതോടെ മേയർ യോഗം അവസാനിപ്പിച്ച് ചേംബറിലേക്ക് മടങ്ങി.  

Tags:    
News Summary - Thrissur Corporation's last council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.