നെൽകൃഷി പാഠമാക്കിയ ഷൈജു ഇനി ഓർമ

പഴഞ്ഞി: ഫോട്ടോഗ്രാഫിക്കൊപ്പം നെൽകൃഷി ജീവിത സ്വപ്നമാക്കിയ ഷൈജു ഇനി ഓർമ. കർഷകർക്കിടയിൽ പുതിയ വിത്തിനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വികസിപ്പിച്ച് മാതൃകയാകുകയായിരുന്നു ജെറുസലേം ചോഴിക്കുന്നത്ത് വീട്ടിൽ ഷൈജു. മഹാരാഷ്ട്രയിലെ നസ്രബാത്ത് നെല്ലിനത്തിൽപ്പെട്ട വയലറ്റ് നിറത്തിലുള്ളനെൽകൃഷി ചെയ്ത് കതിർ കണ്ട ആത്മസംതൃപ്തിക്കിടയിലാണ് യുവകർഷകനെ മരണം തട്ടിയെടുത്തത്.

കൊല്ലംകോടുനിന്ന് കൊണ്ടുവന്ന വിത്ത് അരുവായി പാടത്തെ സ്വന്തമായ സ്ഥലത്ത് അരയേക്കറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ദിവസങ്ങൾക്ക് മുമ്പ് കൃഷി ചെയ്തത്. പരിസര പ്രദേശങ്ങളിലെ പാടശേഖരത്തിൽ ഇത്തരം നെൽവിത്ത് ആദ്യമായി ഉപയോഗിച്ചതും ഷൈജുവായിരുന്നു. ഇതിനു മുമ്പും ഷൈജു നടത്തിയ വ്യത്യസ്ത കൃഷികൾ മറ്റു കർഷകർക്ക് മാതൃകയായിരുന്നു. സ്വന്തമായും പാട്ടത്തിനുമെടുത്ത 12 ഓളം ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. അരുവായി പാടശേഖരത്തിന് പുറമെ പോർക്കുളം പാടശേഖരത്തും ഈ കർഷകൻ കൃഷി നടത്തിയിരുന്നു.

15 വർഷം മുമ്പാണ് ആദ്യമായി കൃഷി ആരംഭിച്ചത് വർഷം തോറും കൂടുതൽ കൃഷി നടത്തി മറ്റു കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിൽ കൂടുതൽ ജാഗ്രത കാട്ടി. മികച്ച ഫോട്ടോഗ്രാഫറായ ഷൈജുവിന് ജെറുസലേമിൽ ബീറ്റ എന്ന സ്ഥാപനവും ഉണ്ടായിരുന്നു. സൗമ്യ ഭാവത്തോടെ ആരോടും എപ്പോഴും ഇടെപടുന്ന ഷൈജുവിന്റെ ആകസ്മികമായ വേർപാട് നാടിന് തന്നെ തേങ്ങലായി മാറിയിരിക്കുകയാണ്. പഴഞ്ഞിയിൽ മരിച്ച മറ്റൊരാളിന്റെ സംസ്കാര ചടങ്ങിൽ സജീവ പങ്കാളിയായ ശേഷം കൃഷിയിടത്തിലേക്ക് വെള്ളം പമ്പ് ചെയ്യാൻ പോയ ശേഷമാണ് മോട്ടോറിലേക്കുള്ള വയറിൽനിന്ന് ഷോക്കേറ്റ് മരണത്തിന് കീഴടങ്ങേണ്ടി വന്നത്. 

Tags:    
News Summary - The young farmer died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.