കയ്പമംഗലം: കാക്കാത്തിരുത്തി പള്ളി വളവ് മുതൽ ചെന്ത്രാപ്പിന്നി സി.വി.സെന്റർ വരെ എത്ര കുഴികളുണ്ട്? എണ്ണാൻ തുടങ്ങിയാൽ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ യാത്ര ചെയ്യുന്നവരുടെ കണ്ണു തള്ളും. രണ്ടര മൈൽ ദൂരത്തിനിടെ രണ്ടു ഡസനിലധികം സ്ഥലത്താണ് റോഡ് കുഴിഞ്ഞിരിക്കുന്നത്. വെറും ഗർത്തമല്ല, നിരത്തിന്റെ പാതി ഭാഗത്തിലധികം കവർന്ന പാതാളക്കുഴികൾ. കുടിവെള്ള പൈപ്പ് പൊട്ടിയാണ് മുഴുവൻ കുഴികളും ഉണ്ടായിരിക്കുന്നത്. നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ കാലഹരണപ്പെട്ട 600 എം.എം. പ്രിമോ പൈപ്പിലൂടെയാണ് ഇവിടെ കുടിവെള്ള വിതരണം. ഈ പൈപ്പുകൾ പൊട്ടാൻ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടായി. മുമ്പ് ആഴ്ചയിലോ മറ്റോ ഒരു പൊട്ടലായിരുന്നെങ്കിൽ ഇന്ന് ദിനംപ്രതി നിരവധിയിടത്താണ് പൊട്ടുന്നത്. വെള്ളം പരന്നൊഴുകി മിക്കയിടത്തും വെള്ളക്കെട്ടാണ്. മുറവിളി ശക്തമാകുമ്പോൾ വല്ലപ്പോഴും വാട്ടർ അതോറിറ്റി അധികൃതർ വന്ന് ഏതെങ്കിലും ഒരു പൊട്ടൽ ശരിയാക്കി കുഴിയടച്ച് കണ്ണിൽ പൊടിയിടും. പുതിയ പൈപ്പുകൾ സ്ഥാപിക്കുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനായി 36 കോടി അനുവദിച്ചതായും കേട്ടിരുന്നു. കഴിഞ്ഞ വർഷം ആഘോഷപൂർവം പ്രവൃത്തി ഉദ്ഘാടനവും നടത്തി. കുഴിയിൽ വീണ് നടുവൊടിഞ്ഞ, പരാതി പറഞ്ഞ് മടുത്ത നാട്ടുകാർക്ക് ഇപ്പോൾ ഒന്നേ ചോദിക്കാനുള്ളൂ. വല്ലതും നടക്കുമോ സാറൻമാരേ...?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.