തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ കൊല്ലപ്പെട്ട മാനുകളെ സംസ്കരിക്കുന്നു

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തു

പുത്തൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാഴ്ച മുമ്പ് ഉദ്ഘാടനംചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ ആക്രമണത്തിൽ പത്തു മാനുകൾ ചത്തു. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. മാനുകളെ ആക്രമിച്ച നായ്ക്കൾ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ മൃഗങ്ങളെ സംരക്ഷിക്കുന്ന ജീവനക്കാരാണ് മാനുകൾ ചത്തതായി കണ്ടെത്തിയത്. ഉടൻ ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ സുവോളജിക്കൽ പാർക്കിലേക്കുള്ള പ്രവേശനവും തടഞ്ഞു. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെയും ഗേറ്റിൽ തടഞ്ഞു. സംഭവം സംബന്ധിച്ച് പ്രതികരിക്കാനും അധികൃതർ തയാറായിട്ടില്ല. മാനുകൾ ചത്തതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ല.

സുവോളജിക്കൽ പാർക്കിലെ മൃഗാശുപത്രിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും ചേർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്നാണ് അനൗദ്യോഗികമായി പുറത്തുവന്ന വിവരം. ഈ റിപ്പോർട്ടുകൂടി ലഭിച്ചാൽ മാത്രമേ മരണസംഖ്യയും കാരണവും സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടാവൂ. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്ത പാർക്കിന്‍റെ സുരക്ഷിതത്വമടക്കം ചോദ്യംചെയ്യപ്പെടുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർമാണം പൂർത്തിയാകുംമുമ്പ് തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന ആരോപണം നേരത്തേ മുതൽ ഉയർന്നിരുന്നു.

ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തപ്പോഴും ആവശ്യമായ പെർമിറ്റുകൾ പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇല്ലായിരുന്നുവെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ആരോപിച്ചിരുന്നു.

സുരക്ഷയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ ആക്രമണത്തിൽ പത്തു മാനുകൾ ചത്തതോടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങളുയരുന്നു. നായ്ക്കൾ ട്രഞ്ചുകൾ അടക്കം മറികടന്ന് ആക്രമണം നടത്തുകയും തിരിച്ചുപോകുകയും ചെയ്തത് മൃഗങ്ങൾക്കായി ഒരുക്കിയ സൗകര്യത്തിന്‍റെ സുരക്ഷാ അപാകതയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇതേ മാർഗത്തിലൂടെ പാർക്കിലെ മൃഗങ്ങളും പുറത്തെത്തില്ലെന്നതിന് എന്താണ് തെളിവെന്നും അവർ ചോദിക്കുന്നു.

അതേസമയം, മാനുകളെ നായ്ക്കളോ മറ്റു ജീവികളോ കൂട്ടത്തോടെ ആക്രമിക്കുമ്പോൾ വലിയ ബഹളമുണ്ടാക്കുമെന്നും ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ജീവനക്കാർ അറിയാതിരുന്നത് അത്ഭുതമാണെന്നും വന്യജീവികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. തൃശൂർ നഗരമധ്യത്തിലെ മൃഗശാലയിൽ പരിമിത സാഹചര്യത്തിൽപോലും സുരക്ഷിതമായിരുന്ന മാനുകൾ പുത്തൂരിലെ അത്യാധുനിക സൗകര്യത്തിൽ കൊല്ലപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. കേരളത്തിനുതന്നെ അഭിമാനമാകേണ്ട പുത്തൂർ പാർക്ക് ജനങ്ങൾക്ക് തുറന്നുകൊടുക്കും മുമ്പുതന്നെ ഇത്ര വലിയ സുരക്ഷാവീഴ്ചയുണ്ടായത് അന്വേഷിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

അതേസമയം, പാർക്ക് നിർമാണത്തിനിടെ രണ്ടു പേർ മരിച്ചിട്ടും സുരക്ഷാ ഓഡിറ്റ് നടന്നില്ലെന്ന് ആക്ഷേപമുണ്ട്. സുരക്ഷാ ഓഡിറ്റ് നടത്തി മൃഗങ്ങളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമാണ്. 

സർക്കാർ അതിഗൗരവമായി കാണുന്നു; ശക്തമായ അന്വേഷണം നടത്തും -മന്ത്രി കെ. രാജൻ

അട്ടിമറി അടക്കം വിഷയങ്ങൾ അന്വേഷിക്കും

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചാകാനുണ്ടായ സംഭവത്തെ സർക്കാർ അതിഗൗരവമായാണ് കാണുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. സംഭവത്തിൽ വനംവകുപ്പ് വിശദ അന്വേഷണം പ്രഖ്യാപിച്ചു. അട്ടിമറി അടക്കം എല്ലാ സാധ്യതകളും അന്വേഷിക്കുമെന്നും മന്ത്രി കെ. രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.


നായ്ക്കൾ കടന്നുവന്നത് എങ്ങനെ, നായ്ക്കളുടെ കുര കേൾക്കാതിരുന്നത് എന്തുകൊണ്ട്, മാനുകളുടെ പ്രത്യേക സവിശേഷതകൾ കൂട്ടമരണത്തിലേക്ക് നയിച്ചോ എന്നിവയടക്കം കാര്യങ്ങൾ അന്വേഷിക്കും. ഇത്ര ദിവസം പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയ പാർക്കിൽ പെട്ടെന്ന് എങ്ങനെയാണ് പ്രശ്നമുണ്ടായതെന്ന് അന്വേഷിക്കും. അട്ടിമറി ശ്രമം അടക്കം അന്വേഷണപരിധിയിലുണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണം പൊലീസിന് കൈമാറും. കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. വിവാദമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമുണ്ട്. വനംവകുപ്പിനാണ് പൂർണ ചുമതലയെന്നും മന്ത്രി വ്യക്തമാക്കി.  

Tags:    
News Summary - Ten deer killed in dog attack at Puttur Zoological Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.