തൃശൂർ: നഗര -ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലെങ്ങും തെരുവുനായ് ഭീതിയിലാണ്. നേരത്തേ നഗര കേന്ദ്രീകൃതമായിരുന്നു ഇവയുടെ വളർച്ചയെങ്കിൽ നിലവിൽ ഇത് ഗ്രാമങ്ങളിലും വലിയതോതിൽ പെരുകി. കഴിഞ്ഞ ദിവസം എറിയാട് യൂബസാറിൽ ആയിരുന്നു ആക്രമണമെങ്കിൽ അതിന് മുമ്പുള്ള ദിവസങ്ങളിൽ വിവിധ നഗര -ഗ്രാമ പ്രദേശങ്ങളിൽ നായുടെ കടിയേറ്റവർ ഏറെ.
വിവിധ മേഖലകളിലുള്ള മാലിന്യ ശേഖരണ സംസ്കരണ കേന്ദ്രങ്ങളാണ് ഇവക്ക് വളരാൻ സൗകര്യം ഒരുക്കുന്നത്. മാത്രമല്ല, ഒഴിഞ്ഞ പറമ്പുകളിലേക്ക് മാലിന്യം വലിച്ചെറിയുന്ന സംസ്കാരം കാരണം എല്ലായിടത്തും നായ്ക്കൾക്ക് ഭക്ഷണം ലഭിക്കാവുന്ന സാഹചര്യവുമുണ്ട്. ഇതിന് പുറമെ നായ്ക്കൾക്ക് തീറ്റ നൽകി അവയെ തീറ്റിപ്പോറ്റുന്ന, വളർത്താൻ ആഗ്രഹിക്കാത്ത ‘മൃഗസ്നേഹികളും’ പ്രശ്നം വഷളാക്കുന്നു.
പാൽ, മത്സ്യം, ഇറച്ചി അടക്കം വിഭവങ്ങൾ നൽകുമെങ്കിലും അവയെ പ്രതിരോധ കുത്തിവെപ്പുകൾ അടക്കം നൽകി വളർത്താൻ ഇക്കൂട്ടർ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ വരുമ്പോൾ ഭക്ഷണം കഴിച്ച് ഇതര സ്ഥലങ്ങളിൽ സൗകര്യപൂർവം താമസിച്ച് കൊഴുത്ത് വളരുകയാണ് ഇവ. മാത്രമല്ല, ജനവാസ കേന്ദ്രങ്ങളിലും ജങ്ഷനുകളിലും കാണപ്പെട്ടിരുന്ന നായ്ക്കൾ ഉൾനാട്ടിൻപുറങ്ങളിൽ പോലും ഏറെ കാണുന്നുണ്ട്.
ഏറെ ജനത്തിന് കടിയേറ്റിട്ടും തദ്ദേശസ്ഥാപനങ്ങൾ ഇതിനെതിരെ കാര്യമായ നടപടി എടുക്കുന്നില്ല. തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിന് കോർപറേഷൻ തുടങ്ങിവെച്ച മൃഗജനന നിയന്ത്രണ (എ.ബി.സി) പദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കുമെന്ന ജില്ല പഞ്ചായത്തിന്റെ വാഗ്ദാനവും പാഴ്വാക്കായി.
നായ്ക്കളെ പിടിക്കാൻ ആളെ കിട്ടാത്ത സാഹചര്യം ഉണ്ടെന്ന് വ്യക്തമാക്കി ഈ വിഷയത്തിൽനിന്ന് തടിതപ്പുകയാണ് അധികൃതർ ചെയ്തത്. തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിൽ വിവിധ മേഖലകളിൽ നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. തേക്കിൻകാട് മൈതാനി ഇവയുടെ വിഹാരകേന്ദ്രമാണ്. റെയിൽവേ സ്റ്റേഷൻ നേരത്തേതന്നെ നായ്ക്കളുടെ വാസകേന്ദ്രമാണ്.
ശക്തൻ, വടക്കേ ബസ് സ്റ്റാൻഡുകളിലും സാഹചര്യം തഥൈവ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ 24 മണിക്കൂറും ഇവയുണ്ട്. പെട്രോൾ ബങ്കിനായി സ്ഥലം വിട്ടുകൊടുത്തതോടെ ഇടുങ്ങിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ബാക്കി സിംഹഭാഗവും നായ്ക്കൾ അപഹരിച്ചു. കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി നടപ്പാതകളിൽ സുഖമായി കൂട്ടത്തോടെ ഇവ ഉറങ്ങുന്നു.
നായ് പ്രശ്നം ഉന്നയിക്കുന്നവരോട് പറവട്ടാനിയിലെ വന്ധ്യംകരണ കേന്ദ്രവുമായി ബന്ധപ്പെടാനാണ് കോർപറേഷൻ അധികൃതർ നൽകുന്ന മറുപടി. ഇതനുസരിച്ച് അവരുമായി ബന്ധപ്പെട്ടപ്പോൾ എ.ബി.സി പദ്ധതി പ്രകാരം വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ ചെവിയിൽ മുദ്രയുണ്ടാവുമെന്നാണ് അവകാശവാദം. അവ കടിക്കില്ലെന്നുമാണ് കോർപറേഷൻ ആരോഗ്യ വിഭാഗം പറഞ്ഞത്. എന്നിട്ടും നടപ്പാതയിൽ അടക്കം പൊതുജനത്തിന് കടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.