അന്തിക്കാട്: ബസുകളുടെ അമിത വേഗത മൂലം കാഞ്ഞാണി-വാടാനപ്പള്ളി റൂട്ടിൽ നിരവധി കാൽനടയാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. കാഞ്ഞാണിയിൽ കിരൺ ബസ് ഇടിച്ച് കാൽനടയാത്രികനായ ഷാഹുൽ ഹമീദിന്റെ ഇരുകാലുകളുമാണ് ചതഞ്ഞരഞ്ഞത്.
നേരത്തെ കണ്ടശ്ശാംകടവ് പാലത്തിൽ അമിത വേഗതയിൽ വന്ന രണ്ട് കിരൺ ബസുകൾ സൈഡ് കൊടുക്കുന്നതിനിടയിൽ പാലത്തിലെ കൈവരിയിലും ബസിനിടയിലും കുടുങ്ങി നടുവിൽക്കര സ്വദേശിനിയുടെ കാൽ ചതഞ്ഞരഞ്ഞ് മുറിച്ചു മാറ്റേണ്ടിവന്നു. രാവിലെ സൂപ്പർ മാർക്കറ്റിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. പിന്നീട് കിരൺ ബസിൽ നിന്നിറങ്ങുമ്പോൾ ബസ് എടുത്തതോടെ വീണ് നടുവിൽക്കര സ്വദേശിനിയായ വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. ഇതിനിടയിലാണ് വീണ്ടും കിരൺ ബസ് യാത്രക്കാരനെ ഇടിച്ചത്.
ടയർ കയറിയിറങ്ങി യാത്രക്കാരന്റെ ഇരുകാലുമാണ് ചതഞ്ഞരഞ്ഞത്. അടിയന്തിര ഓപ്പറേഷന് വിധേയമാക്കി. കാൽനടയാത്രക്കാരെയും ചെറു വാഹനങ്ങളെയും ഗൗനിക്കാതെയാണ് ബസുകൾ പായുന്നത്. പല ഡ്രൈവർമാരും മദ്യപിച്ചും ലഹരി ഉപയോഗിച്ചുമാണ് ബസ് ഓടിക്കുന്നതെന്ന് പരാതിയുണ്ട്. നിയമം തെറ്റിച്ച് സർവിസ് നടത്തുന്ന ചില വാഹനങ്ങൾ കഴിഞ്ഞ ദിവസം തൃശൂരിൽ പൊലീസ് പിടികൂടിയിരുന്നു. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.