ഇരിങ്ങാലക്കുട: മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും പിഴയും. കോടാലി ഇഞ്ചക്കുണ്ട് കുണ്ടിൽ വീട്ടിൽ സുബ്രന്റെ മകൻ അനീഷിനെയാണ് (41) ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എൻ. വിനോദ്കുമാർ ശിക്ഷിച്ചത്. പിതാവിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും പിഴ ഒടുക്കാത്തപക്ഷം ഒരു വർഷം അധിക കഠിന തടവും മാതാവിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന തടവുമാണ് ഐ.പി.സി സെക്ഷൻ 302 പ്രകാരം വിധിച്ചത്.
മാതാപിതാക്കളായ സുബ്രൻ (65), ചന്ദ്രിക (62) എന്നിവരെയാണ് അനീഷ് കൊലപ്പെടുത്തിയത്. സുബ്രന്റെ കൈവശമുള്ള 17.5 സെന്റിൽനിന്ന് ആറ് സെന്റ് പ്രതിക്ക് ഭാഗംവെച്ച് കൊടുക്കാത്തതിലും പ്രതിയും മാതാപിതാക്കളുമായി സ്ഥിരമായി ഉണ്ടാകാറുള്ള വഴക്കിനെ തുടർന്നുള്ള വിരോധത്താലും കൊല നടന്നതായാണ് കേസ്.
2022 ഏപ്രില്‍10ന് രാവിലെ 8.45ന് മുറ്റത്ത് മാവിൻതൈ നടാൻ ചന്ദ്രിക മൺവെട്ടി കൊണ്ട് കുഴി എടുത്തുകൊണ്ടിരിക്കെ അനീഷ് മൺവെട്ടി പിടിച്ചുവാങ്ങി ചന്ദ്രികയെ ആക്രമിക്കുന്നതുകണ്ട് സുബ്രൻ തടയാൻ ശ്രമിച്ചു. ഈ സമയം ആദ്യം സുബ്രനെയും പിന്നീട് ചന്ദ്രികയെയും കഴുത്തിലും തലയിലും മറ്റും വെട്ടുകത്തി കൊണ്ട് നിരവധി തവണ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
വെള്ളികുളങ്ങര എസ്.എച്ച്.ഒ ആയിരുന്ന കെ.പി. മിഥുൻ അന്വേഷണം നടത്തിയ കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. 25 തൊണ്ടി മുതലുകളും 62 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, അഡ്വക്കറ്റുമാരായ പി.എ. ജെയിംസ്, എബിൽ ഗോപുരൻ, അൽജോ പി. ആന്റണി, പി.എസ്. സൗമ്യ എന്നിവർ ഹാജരായി. ലെയ്സൺ ഓഫിസർ സി.പി.ഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.