തൃശൂർ: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് എസ്.ഐയെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത സംഭവത്തിൽ തൃശൂർ സിറ്റി അസി. കമീഷണറെ തള്ളി ആരോപണവിധേയനായ സി.ഐ. കേസ് അവസാനിപ്പിക്കാനായി എ.സി.പി നൽകിയ ‘ഫാൾസ് റിപ്പോർട്ടി’ൽ എതിർപ്പുണ്ടെന്ന് സി.ഐ കേസ് പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നമ്പർ രണ്ട് കോടതിയിൽ അറിയിച്ചു. വിയോജിപ്പ് രേഖാമൂലം എഴുതിനൽകാൻ കോടതി നിർദേശിച്ചു.
ഇതിനായി ഒക്ടോബർ 30 വരെ സമയവും അനുവദിച്ചു. നെടുപുഴ സി.ഐ ടി.ജി. ദിലീപ്കുമാറാണ് സിറ്റി അസി. കമീഷണർ കെ.കെ. സജീവൻ നൽകിയ റിപ്പോർട്ടിനെ കോടതിയിൽ തള്ളിയത്. സി.ഐക്ക് വേണ്ടി അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ. ആമോദിനെയാണ് ജൂലൈ 30ന് പൊതുസ്ഥലത്ത് മദ്യപിച്ചതായി ആരോപിച്ച് വടൂക്കരയിൽനിന്ന് സി.ഐ ദിലീപ് കുമാർ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുന്നത്. കള്ളക്കേസാണെന്ന് അന്നുതന്നെ സ്പെഷൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് ചെയ്തു.
പൊതുസ്ഥലമെന്ന നിർവചനത്തിൽ അറസ്റ്റ് പ്രദേശം വരില്ലെന്നും കേസ് നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ നിയമോപദേശവും നൽകിയെങ്കിലും ഇത് പരിഗണിക്കാതെയായിരുന്നു എസ്.ഐയെ അറസ്റ്റ് ചെയ്തത്. എന്നാൽ, കഴിഞ്ഞ 14ന് കാക്കനാട് ഗവ. റീജനൽ ലാബിൽനിന്ന് ആമോദ് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രക്തപരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രതിസന്ധിയിലായത്. ആമോദിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവിസിൽ തിരിച്ചെടുത്തു.
കേസ് അവസാനിപ്പിക്കാനായി എ.സി.പി കോടതിയിൽ റിപ്പോർട്ടും നൽകി. ഇതിനിെട സി.ഐയെ സസ്പെൻഡ് ചെയ്തു. കേസ് അവസാനിപ്പിക്കാൻ ‘മിസ്റ്റേക്ക് ഓഫ് ഫാക്ട്’ എന്ന നിലയിലുള്ള റിപ്പോർട്ടിന് പകരം മനഃപൂർവം എസ്.ഐയെ സി.ഐ കുടുക്കാൻ ശ്രമിച്ചെന്ന് സൂചിപ്പിക്കുന്ന ആമോദ് കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയ ‘ഫാൾസ് റിപ്പോർട്ട്’ ആയിരുന്നു എ.സി.പി കൊടുത്തത്. ഇതാണ് എ.സി.പിയെ കോടതിയിൽ കീഴുദ്യോഗസ്ഥൻ തള്ളിപ്പറയുന്ന നിലയുണ്ടാക്കിയത്.
സാധാരണയായി പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കുകയാണ് ചെയ്യുക. എന്നാൽ, എ.സി.പിയുടെ റിപ്പോർട്ട് പരിശോധിച്ച കോടതി, സി.ഐയുടെ ഭാഗം കേൾക്കാതെ കേസ് അവസാനിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് എ.സി.പിയുടെ റിപ്പോർട്ട് തള്ളിയിരുന്നത്.
എസ്.ഐ റാങ്കിലുള്ളയാളെ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന നിലയിൽ കസ്റ്റഡിയിലെടുത്തപ്പോഴടക്കം മേലുദ്യോഗസ്ഥരുമായി സി.ഐ റിപ്പോർട്ട് ചെയ്തിരുന്നെന്നാണ് പറയുന്നത്. 12 മണിക്കൂറിനകം നടപടിയെടുത്താൽ മതിയെന്നിരിക്കെ കസ്റ്റഡിയിലെടുത്ത് ആശുപത്രി പരിശോധന റിപ്പോർട്ട് വരുന്നതിനുമുമ്പുതന്നെ ആമോദിനെ സസ്പെൻഡ് ചെയ്തതിലും അസി. കമീഷണറുടെയും കമീഷണറുടെയും അറിവുണ്ടായിരുന്നെന്നും പറയുന്നു.
ഏകപക്ഷീയമായാണ് കേസെടുത്തതെന്ന് ന്യായീകരിച്ചാൽ സി.ഐയുടെ സർവിസിനെ ബാധിക്കും. ന്യായീകരിച്ചാലും മണിക്കൂറുകൾക്കകം സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത് അസി. കമീഷണറുടെയും കമീഷണറുടെയും അറിവില്ലാതെയാണെന്ന് പറയാനുമാവില്ല.
എ.സി.പിയുടെ റിപ്പോർട്ടാണ് പരിഗണിച്ചതെന്ന് കമീഷണർക്ക് ന്യായീകരിക്കാം. വിയോജിപ്പുണ്ടെന്ന് സി.ഐ അറിയിച്ച സാഹചര്യത്തിൽ എന്ത് തരത്തിലുള്ള വിശദീകരണമാവും നൽകുകയെന്നത് നിർണായകമാണ്. സസ്പെൻഷൻ പിൻവലിച്ചെങ്കിലും കള്ളക്കേസെടുത്ത സംഭവത്തിൽ പരാതിയിൽനിന്ന് ആമോദും കുടുംബവും പിന്മാറിയിട്ടില്ല.
മുഖ്യമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമീഷൻ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട്. ഇതും ഉദ്യോഗസ്ഥരെ ബാധിക്കുന്നതാണ്. സി.ഐയും സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.