ഏങ്ങണ്ടിയൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേറ്റുവ, കോട്ടപ്പുറം പുഴകളിൽനിന്ന് ഡ്രഡ്ജിങ് നടത്തി മണലെടുക്കാൻ ദേശീയപാത നിർമാണ കരാറുകാരായ സ്വകാര്യകമ്പനിക്ക് അനുമതി നൽകിയുള്ള സംസ്ഥാന ജലസേചന വകുപ്പിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
പുഴയിൽ അടിഞ്ഞുകൂടിയ ചളിയും മാലിന്യവും നീക്കം ചെയ്യുന്നതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇതിന്റെ മറവിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിക്കുന്ന റോഡ് നിർമാണത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമുതലിൽനിന്ന് മണലെടുക്കാൻ ഖനാനുമതി നൽകിയ നടപടി ശരിയല്ല. ഇത് പകൽ കൊള്ളയും വൻ അഴിമതിയുമാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നേരത്തേ പുഴയിലെ മാലിന്യം നീക്കംചെയ്യാൻ മണലെടുക്കുന്നു എന്ന വ്യാജേന എം.എൽ.എയും ത്രിതല പഞ്ചായത്തുകളും സംയുക്തമായി ചേറ്റുവ പുഴയോരത്ത് യോഗം വിളിച്ചത് സ്വകാര്യകമ്പനിക്ക് അനധികൃതമായി ഖനനാനുമതി നൽകുന്നതിന് കളമൊരുക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പാരിസ്ഥിതിക പഠനമോ, ടെൻഡർ നടപടികളോ സ്വീകരിക്കാതെ തിരക്കിട്ട് സ്വകാര്യകരാറുകാർക്ക് ഖനനാനുമതി നൽകിയതിനുപിന്നിൽ ഉന്നതർക്കു പങ്കുണ്ടെന്നും ഈ പകൽ കൊള്ളയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും വിഷയം ചർച്ച ചെയ്യാൻ ചേർന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. യോഗം ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ സി.വി. തുളസീദാസ്, ഘോഷ് തുഷാര, സി.എ. ഗോപാലകൃഷ്ണൻ, ഒ.കെ. പ്രൈസൺ മാസ്റ്റർ, ഐ.എൻ.ടി.യു.സി ചേറ്റുവ ഹാർബർ യൂനിയൻ പ്രസിഡന്റ് സി.എ. ബൈജു, മത്സ്യതൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.വി. സുനിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.ആർ. പ്രദീപ് എന്നിവർ സംസാരിച്ചു. വിഷയത്തിൽ താലൂക്ക് ഓഫിസ് മാർച്ച് ഉൾപ്പടെയുള്ള ജനകീയ സമരത്തിന് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.