തൃശൂർ: കണക്ക് തെറ്റിച്ചെത്തിയ മഴയിൽ ജില്ലയിലെ മുപ്പതിനായിരം ഏക്കറിലെ കോൾകൃഷി ആശങ്കയിലായിരിക്കെ കൃഷിയിടങ്ങളിലേക്കുള്ള വെള്ളമൊഴുക്കിന്റെ ഗതി നിയന്ത്രിക്കുന്ന റെഗുലേറ്ററുകളുടെ നവീകരണത്തിനുള്ള 23.52 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി തേടിയുള്ള ഫയൽ സെക്രട്ടേറിയറ്റിൽ വിശ്രമിക്കുന്നു. രണ്ട് നാളായി ആർത്തലച്ച് പെയ്ത മഴയിൽ പലയിടത്തും ബണ്ടുകൾ പൊട്ടി കവിഞ്ഞൊഴുകിയതോടെ കിട്ടിയ വഴികളിലൂടെയെല്ലാം ഒഴുകിയിറങ്ങിയ വെള്ളം, വിത്തിട്ട് ദിവസങ്ങളായതും ഞാറുനട്ട് അധികമായിട്ടില്ലാത്തതും കതിരിട്ടതുമായ പാടശേഖരങ്ങളിലേക്കിറങ്ങി. അധികജലം ഒഴുക്കിക്കളയേണ്ട റെഗുലേറ്ററുകൾ നവീകരണം നടത്താതെ പ്രവർത്തിപ്പിക്കാനാവാതെ കിടക്കുന്നതാണ് കർഷകരുടെ നെഞ്ചിടിപ്പിന് കാരണം. റെഗുലേറ്ററുകളുടെ ഷട്ടറുകൾ അടയ്ക്കുന്നതും തുറക്കുന്നതും യന്ത്രവത്കൃതമാക്കണമെന്ന് വർഷങ്ങൾക്ക് മുമ്പുള്ള ആവശ്യമാണെങ്കിലും ഇപ്പോഴും ഇതിനോട് മുഖം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. 2018-19ൽ എസ്റ്റിമേറ്റ് ഉണ്ടാക്കി റീബിൽഡ് കേരള ഇനീഷേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതികൾ പോലും ജി.എസ്.ടി കുരുക്കിൽ തുടങ്ങാനായിട്ടില്ല. ഇത് ഭേദഗതി വരുത്തി ഏനാമാവ് റെഗുലേറ്ററിന് 859.02 ലക്ഷം, ഇടിയഞ്ചിറ -697.09 ലക്ഷം, ഇല്ലിക്കൽ -386.03 ലക്ഷം, കൊറ്റംകോട്- 409.01 ലക്ഷം എന്നിങ്ങനെ 23.52 കോടിയുടെ വർധിപ്പിച്ച എസ്റ്റിമേറ്റ് ഫയലാണ് ഭരണാനുമതി തേടി സെക്രട്ടേറിയറ്റിൽ ഉറങ്ങുന്നത്.
മൂന്ന് മന്ത്രിമാർ ജില്ലയിൽ നിന്നുണ്ടായിട്ടും കോൾമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കർഷകരുടെ കണ്ണീർ തുടക്കാനും കഴിയുന്നില്ലെന്നത് പ്രതിഷേധാർഹവും കർഷക ദ്രോഹവുമാണെന്ന് ജില്ല കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ് ആരോപിച്ചു. അടിയന്തരമായി മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് കർഷകരുടെ ആശങ്കക്ക് പരിഹാരമുണ്ടാക്കണമെന്ന് കൊച്ചുമുഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.