തൂൺ നിർമാണത്തിന് മുന്നോടിയായി പൈലിങ് പൂർത്തിയാക്കിയപ്പോൾ
ഗുരുവായൂര്‍: റെയിൽവേയുടെ അനുമതികൾ ലഭിക്കാത്തതിനാൽ മേൽപാലം നിർമാണത്തിന്റെ കലണ്ടർ 'പാളം തെറ്റുന്നു'. നേരത്തേ നിശ്ചയിച്ചിരുന്ന കലണ്ടർ അനുസരിച്ച് പാളത്തിന് മുകളില്‍ വരുന്ന സ്പാനുകളുടെ തൂണുകൾ ജനുവരി പകുതിയോടെ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, തൂണുകളുടെ നിർമാണത്തിന് റെയിൽവേയുടെ അനുമതി വൈകുകയാണ്. തൂണുകൾക്കുള്ള പൈലിങ് പൂർത്തിയായിട്ടുണ്ട്. ഇത് റെയിൽവേ പരിശോധിച്ച ശേഷമേ തൂണുകൾ നിർമിക്കാൻ അനുമതി ലഭിക്കൂ.
തൂൺ നിർമാണവുമായി ബന്ധപ്പെട്ട പണികളൊന്നും ഇപ്പോൾ നടക്കുന്നില്ല. പാലത്തിന് മുകളിലെ കോൺക്രീറ്റിങ് നിശ്ചയിച്ച സമയത്തുതന്നെ പൂർത്തിയായിട്ടുണ്ട്. തൂൺ നിർമാണത്തിന് അനുമതി ലഭിച്ചാലും വീണ്ടും റെയിൽവേ അനുമതികളുടെ കടമ്പകൾ കടക്കാനുണ്ട്. പാലത്തിന്റെ ഗര്‍ഡറുകള്‍ നിര്‍മിക്കുന്ന തൃശിനാപ്പിള്ളിയിലെ ഫാക്ടറിയില്‍ ലഖ്നോവിലെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷന്റെ (ആര്.ഡി.എസ്.ഒ) ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാലേ പാളത്തിന് മുകളിലെ രണ്ട് സ്പാനുകളുടെ കോണ്‍ക്രീറ്റിങ് പ്രവൃത്തിയിലേക്ക് കടക്കാനാവൂ. ഇത് എപ്പോള്‍ നടക്കുമെന്ന് തീരുമാനമായിട്ടില്ല.
പാളത്തിന് മുകളിലെ ഭാഗത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ച ശേഷമേ ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ള ഭാഗവുമായി ബന്ധിപ്പിക്കുന്ന ഗര്‍ഡറുകള്‍ സ്ഥാപിക്കാനാവൂ. ഡിസംബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്ന പടിഞ്ഞാറ് ഭാഗത്തെ സര്‍വിസ് റോഡും പൂർത്തിയായിട്ടില്ല. 11 മാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ വർഷം ഡിസംബറിൽ പാലം നിർമാണം ആരംഭിച്ചത്. വേഗത്തിലാണ് നിർമാണം നടന്നുകൊണ്ടിരുന്നതെങ്കിലും റെയിൽവേയുടെ അനുമതികളിൽ ഉടക്കി നിർമാണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. നാടിന്റെ പ്രതീക്ഷയായ പാലം കടക്കാൻ റെയിൽവേ കനിയണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.