ഇരിങ്ങാലക്കുട രൂപതയുടെ ഹൃദയ പാലിയേറ്റിവ് കെയര്‍ ആന്‍ഡ് ഹോസ്പിസ് കേന്ദ്രം പേരാമ്പ്രയില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ആമ്പല്ലൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വിഭാഗം ആധുനിക സംവിധാനങ്ങളോടെ പ്രവർത്തന സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. ആശുപത്രി സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശസ്ത്രക്രിയ തിയറ്ററും പ്രസവവാർഡും ഉൾപ്പെടെയുണ്ടായിട്ടും ഒരു വർഷമായി അടഞ്ഞുകിടക്കുന്ന പ്രസവ വിഭാഗം അടിയന്തരമായി തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ആവശ്യമായ ആധുനിക ഓപറേഷൻ ടേബ്ൾ ഒരു മാസത്തിനകം ലഭ്യമാക്കും. 15 ലക്ഷം രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്. പ്രസവ വിഭാഗത്തിലേക്ക് നിയമിച്ച രണ്ട് ഡോക്ടർമാരിൽ ഒരാൾ ദീർഘകാല അവധിയിലാണെന്നും അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തോട്ടം -മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് പ്രസവ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നതിന് പുതുക്കാട് താലൂക്ക് ആശുപത്രിയെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്രസവവാർഡ് തുറക്കുന്നതു സംബന്ധിച്ച നിവേദനം ജനപ്രതിനിധികൾ മന്ത്രിക്ക് കൈമാറി. ആശുപത്രിയിലെ വിവിധ വാർഡുകളും അടിസ്ഥാന സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു.
കെ.കെ. രാമചന്ദ്രൻ എം.എൽ.എ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, അംഗങ്ങളായ ആൽജോ പുളിക്കൻ, പോൾസൺ തെക്കുംപീടിക, പുതുക്കാട് പഞ്ചായത്ത് അംഗം സെബി കൊടിയൻ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കൊടകര: ഒറ്റപ്പെട്ട തുരുത്തുകളല്ല മനുഷ്യരെന്നും ചുറ്റുമുള്ളവരിലേക്ക് കൈനീട്ടുമ്പോഴാണ് നാം മനുഷ്യരാവുന്നതെന്നും മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട രൂപതക്ക് കീഴില്‍ കൊടകര പേരാമ്പ്രയില്‍ സ്ഥാപിച്ച ഹൃദയ പാലിയേറ്റിവ് കെയര്‍ ആന്‍ഡ് ഹോസ്പിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മനുഷ്യര്‍ക്ക് വ്യക്തിപരമായോ സാമൂഹികമായോ പ്രയാസങ്ങള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ അവിടെ സഹായഹസ്തവുമായി എത്തിചേരുന്നതാണ് മാനവികത. ക്രിസ്തുദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നതും ഈ സഹജീവി സ്നേഹമെന്ന് മന്ത്രി പറഞ്ഞു.
വേദനിക്കുന്നവരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പക്ഷം ചേര്‍ന്ന ക്രിസ്തുവിന്റെ ദര്‍ശനമാണ് വേദനിക്കുന്നവര്‍ക്ക് സാന്ത്വനപരിചരണം നല്‍കുന്നതിലൂടെ പ്രായോഗികമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ബെന്നി ബഹനാന് എം.പി ഉപഹാര സമര്‍പ്പണവും സനീഷ്കുമാര് ജോസഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനവും നിര്‍വഹിച്ചു.
മോണ്‍സിഞ്ഞോര്‍ ജോസ് മാളിയേക്കല്‍, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്ലസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലി റോസ് പെരേപ്പാടന്, പേരാമ്പ്ര പള്ളി വികാരി ഫാ. ഷാജു പീറ്റര്‍ കാച്ചപ്പിള്ളി, പുത്തൂക്കാവ് ക്ഷേത്ര സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന് എടാട്ട്, പഞ്ചാത്ത് അംഗം ടി.വി. പ്രജിത്, ഹൃദയ പാലിയേറ്റിവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി എന്നിവര്‍ സംസാരിച്ചു. സ്നേഹവിരുന്നും ഉണ്ടായി.
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ ഹോമിയോ ചികിത്സക്ക് കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും എം.എൽ.എ ഫണ്ടിൽനിന്ന് 33 ലക്ഷം രൂപ ഉപയോഗിച്ച് കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയിൽ ഹോമിയോ ഡിസ്പെൻസറി കെട്ടിടം നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഹോമിയോപതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയും ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി അധ്യക്ഷത വഹിച്ചു. ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ലീന റാണി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഫെനി എബിൻ, സി.സി. ഷിബിൻ, ജെയ്സൻ പാറേക്കാടൻ, അഡ്വ. ജിഷ ജോബി തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബിജു മോഹൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.