തൃശൂർ നഗരത്തിൽ ഇറങ്ങിയ പുലികൾ
പുലികളിക്കൊപ്പം കാഴ്ചക്ക് വിരുന്നായി നിശ്ചല ദൃശ്യങ്ങൾ. ഇക്കുറി കോർപറേഷന്റെ മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ‘സീറോ വേയ്സ്റ്റ് കോര്പറേഷൻ’എന്ന ആശയം ഉദ്ബോധിപ്പിക്കുന്നതിന് ‘ഹരിത വണ്ടി’എന്ന പേരിലും സംഘങ്ങൾ നിശ്ചല ദൃശ്യങ്ങളൊരുക്കി. ആദ്യം നടുവിലാൽ ഗണപതിക്ക് മുന്നിലെത്തിയ ശക്തൻ സംഘം ദുർഗാദേവിയെയാണ് നിശ്ചലദൃശ്യത്തിലൊരുക്കിയത്. മാലിന്യ പ്രശ്നവും അതുമൂലമുള്ള തെരുവുനായ് ശല്യവും ഏറെ ശ്രദ്ധേയമായി. കുട്ടികൾ പട്ടിക്കൂട്ടിലും നായ്ക്കൾ പുറത്തും വിലസുന്നതായിരുന്നു ഇവർ ഒരുക്കിയ നിശ്ചലദൃശ്യത്തിലുണ്ടായിരുന്നത്. തൊട്ടുപിറകെയെത്തിയ സീതാറാം മിൽ ടീം സൂര്യനെ വിഴുങ്ങാനൊരുങ്ങുന്ന ഹനുമാനെ നിശ്ചല ദൃശ്യത്തിൽ അവതരിപ്പിച്ചു.
കോർപറേഷൻ കെട്ടിടത്തിന്റെ മാതൃകയായി ഒരുക്കിയ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് വരുത്തിവെക്കുന്ന ഭവിഷ്യത്തുകളെ കുറിച്ചായിരുന്നു മറ്റൊരു നിശ്ചലദൃശ്യം. അയ്യപ്പപണിക്കരുടെ കാടെവിടെ മക്കളേ, ഒ.എൻ.വിയുടെ ഭൂമിക്കൊരു ചരമഗീതം എന്നീ കവിതകളാണ് കനാട്ടുകര ടീം നിശ്ചല ദൃശ്യങ്ങൾക്ക് വിഷയമാക്കിയത്. പുലിവണ്ടികളും വേറിട്ടതാക്കാൻ സംഘങ്ങൾ ശ്രമിച്ചു. ആമയുടെ രൂപത്തിലും ഗിസയിലെ പിരമിഡിന്റെ രൂപത്തിലുമെല്ലാം പുലിവണ്ടികൾ ഒരുക്കി. നേരം ഇരുട്ടിയതോടെ അലങ്കാര വിളക്കുകളുടെ പശ്ചാത്തലത്തിൽ ഒന്നിനൊന്ന് വേറിട്ടതായിരുന്നു ഓരോ നിശ്ചലദൃശ്യവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.