ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ക്രമസമാധാനവും നിയമപരിപാലനവും ഉറപ്പാക്കുന്നതിനും പൊതുജനങ്ങളിൽ ആത്മവിശ്വാസവും സുരക്ഷ ബോധവും വളർത്തുന്നതിനുമായി റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നു.
ക്രമീകരണങ്ങൾ ഇങ്ങനെ:
അനധികൃത സ്പരിറ്റ്, മദ്യം, രാസ ലഹരി, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ വ്യാപനവും വിൽപനയും തടയുന്നതിനും വാഹനങ്ങളുടെ മറ്റ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ജില്ലാ അതിർത്തികളിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ശക്തമായ വാഹന പരിശോധന.
മൊബൈൽ, ബൈക്ക് പട്രോളിങ്ങുകൾ, മഫ്തി പൊലീസിന്റെ രഹസ്യ നീരിക്ഷണം, സ്തീ സുരക്ഷക്കായി പിങ്ക് പൊലീസ് സേവനം, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡാന്‍സഫ്, പ്രധാന ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധന, സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡി ലിസ്റ്റ് ഉൾപ്പെട്ടവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ, സെൻസിറ്റിവ് മേഖലകളിൽ ശക്തമായ പ്രത്യേക പട്രോളിങ്, എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളെയും രണ്ട് സെക്ടറുകളിലായി തിരിച്ച് സ്റ്റേഷൻ പരിധികളിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കവർ ചെയ്യുന്നരീതിയിൽ ജീപ്പ്, ബൈക്ക്, കാൽനട പട്രോളിങ് എന്നിവ ഏർപ്പെടുത്തും. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനെതിരെ കർശന നടപടികൾ സ്വീകരിക്കും.
തൃശൂർ റൂറൽ ജില്ലയിലെ അതിരപ്പിള്ളി, ചിമ്മിനി ഡാം, വാടനപ്പിള്ളി സ്നേഹതീരം ബീച്ച്, വലപ്പാട് ബീച്ച്, കഴിമ്പ്രം ബീച്ച്, അഴീക്കോട് ബീച്ച് എന്നീ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഓണാവധിയോടനുബന്ധിച്ച് അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് ഈ സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് ക്രമീകരണങ്ങളും ഏർപ്പെടുത്തും.
ഡി.വൈ.എസ്.പിമാരായ പി.ആർ. ബിജോയ്. (സ്പെഷൽ ബ്രാഞ്ച്), കെ.ജി. സുരേഷ്. (ഇരിങ്ങാലക്കുട), പി.സി. ബിജുകുമാർ. (ചാലക്കുടി), വി.കെ. രാജു (കൊടുങ്ങല്ലൂർ) പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരായ ആർ. ബിജു (കയ്പമംഗലം), എം.കെ. ഷാജി (മതിലകം), എം.എസ്. ഷാജൻ (ഇരിങ്ങാലക്കുട), ഇ.ആർ. ബൈജു (കാട്ടൂർ), എ.എ. സരിൻ (അന്തിക്കാട്), എം.കെ. സജീവ് (ചാലക്കുടി), പി.കെ. ദാസ്. (കൊടകര),
അനിൽകുമാർ (വലപ്പാട്), അമൃതരംഗൻ (കൊരട്ടി), എൻ.ബി. ഷൈജു (വാടാനപ്പിള്ളി), കെ. കൃഷ്ണൻ (വെള്ളിക്കുളങ്ങര), ആദംഖാൻ (പുതുക്കാട്), ബി.കെ. അരുൺ (കൊടുങ്ങല്ലൂർ), സജിൻ ശശി (മാള), ബി. ഷാജിമോൻ. (ആളൂർ), ആർ. കുമാർ (മലക്കപ്പാറ), എസ്.ഐമാരായ ടി.ഡി. അനിൽ (അതിരപ്പിള്ളി), കെ.എസ്. സുബിന്ദ് (ചേർപ്പ്), ഇ.യു. സൗമ്യ. (വനിത പി.എസ്) എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.